- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവരാവകാശ നിയമപ്രകാരം ഓഫീസ് രേഖകൾ, റെക്കോർഡുകൾ പരിശോധിക്കാം: മുഖ്യ വിവരാവകാശ കമ്മീഷണർ
കണ്ണൂർ:വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാൽ സർക്കാർ ഓഫീസുകളിലെ രേഖകൾ, റെക്കോർഡുകൾ എന്നിവ പരിശോധിക്കാൻ ജനങ്ങൾക്ക് അവകാശം ഉണ്ടെന്ന് മുഖ്യവിവരാവകാശ കമ്മീഷണർ ഡോ. വിശ്വാസ് മേത്ത പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മീഷൻ ജില്ലയിലെ വിവരാവകാശ നിയമത്തിന്റെ അപ്പീൽ അധികാരികൾ, സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ എന്നിവർക്കായി ഡിപിസി ഹാളിൽ സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാൽ രേഖകൾ, നോട്ട് ഫയലുകൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭിക്കാൻ അവകാശമുണ്ടെന്നതിന് പുറമെ റോഡുകൾ, കെട്ടിടങ്ങൾ തുടങ്ങിയ പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കാനും ജനങ്ങൾക്ക് അവകാശമുണ്ട്. മലിനമാക്കപ്പെട്ട ജലം, റോഡ് സാമഗ്രികൾ, സിമന്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ സാമ്പിൾ ലഭിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
വിവരാവകാശ രേഖ നൽകുന്നതിനായി അനുവദിച്ച 30 ദിവസം പരമാവധി സമയമാണ്. വിവരം ലഭ്യമല്ലെന്ന മറുപടി നൽകാൻ വേണ്ടിയല്ല 30 ദിവസം അനുവദിച്ചിരിക്കുന്നത്. മറിച്ച് വിവരം നൽകുന്നതിനായുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനാണ്. ആവശ്യപ്പെട്ട വിവരം ഒരു വ്യക്തിയുടെ ജീവനേയോ സ്വാതന്ത്യത്തേയോ സംബന്ധിച്ചാണെങ്കിൽ അത് അപേക്ഷ ലഭിച്ച് 48 മണിക്കൂറിനകം നൽകേണ്ടതാണ്. അപ്പീൽ അപേക്ഷകളിൽ ഏത് ഉദ്യോഗസ്ഥനെയും വിളിച്ചുവരുത്താനും ഉചിതമായ നടപടികൾക്ക് ശുപാർശ ചെയ്യാനും കമ്മീഷന് അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിശ്വാസ് മേത്ത, സംസ്ഥാന വിവരാവകാശ കമ്മീഷണർമാരായ എം അബ്ദുൽ ഹക്കീം, ഡോ. കെ എം ദിലീപ് എന്നിവർ ഉദ്യോഗസ്ഥരുടെ സംശയങ്ങൾക്ക് മറുപടി നൽകി. ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ സ്വാഗതം പറഞ്ഞു.