- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാമ്പസുകളിൽ ആർടിഐ ക്ലബ്ബുകൾ കുടുതൽ തുടങ്ങുമെന്ന് വിവരാവകാശ കമ്മീഷണർ
കൊച്ചി: സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും കാമ്പസുകളിലും ആർ.ടി.ഐ (വിവരാവകാശം) ക്ലബ്ബുകൾ തുടങ്ങുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.എ.എ ഹക്കിം പറഞ്ഞു. ഇത് യുവാക്കളെ കൂടുതൽ അറിവുള്ളവരാക്കുവാനും വിദ്യാഭ്യാസ മേഖലയിലെ രേഖാതിരിമറി ഉൾപ്പെടെയുള്ള അഴിമതികൾ ഇല്ലാതാക്കുവാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വിവരാവകാശ കമ്മീഷനുമായി സഹകരിച്ച് തേവര സേക്രഡ് ഹാർട്ട് കോളേജിലെ കൊമേഴ്‌സ് വിഭാഗത്തിൽ ആരംഭിച്ച വിവരാവകാശ ക്ലബ്ബിന്റെ ഉദ്ഘാടനവും സൗജന്യ ഏകദിന ശിൽപശാലയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാമ്പസുകളിലെ ആർ.ടി.ഐ ക്ലബ്ബുകൾക്ക് സമൂഹത്തിലെ തിരുത്തൽ ശക്തികളാകാൻ കഴിയും. എസ്.എച്ച് കോളേജിലെ ആർ.ടി.ഐ ക്ലബ് ഒരു പരീക്ഷണമെന്ന നിലയിലാണ് കമ്മീഷൻ വീക്ഷിക്കുന്നത്. കുറഞ്ഞ കാലത്തെ പ്രവർത്തനപാഠം കൂടി ഉൾപ്പെടുത്തി ഒരു പൊതുമാനദണ്ഡം ഉണ്ടാക്കും. ആർ.ടി.ഐ ക്ലബുകൾക്ക് സംസ്ഥാനതലത്തിൽ ഏകോപനം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആർ.ടി.ഐ നിയമം ഇന്ന് സിവിൽ സർവീസിന് ഒരു മുഖ്യവിഷയമാണ്. ആ നിലയ്ക്ക് വിദ്യാസമ്പന്നരായ യുവാക്കൾക്ക് ഭാവിയിൽ ആർ.ടി.ഐ ക്ലബ് പരിചയം ഏറെ ഗുണം ചെയ്യും. പി എസ് സി എന്നത് ചോദ്യം ചെയ്യാൻ പാടില്ലാത്ത കേന്ദ്രമല്ല. ജോലിക്ക് അപേക്ഷ ക്ഷണിക്കുന്നതു മുതൽ ചോദ്യപേപ്പർ തയാറാക്കിയവരുടെ യോഗ്യത, പേപ്പർ നോക്കിയവർ, സ്‌കോർ ഷീറ്റ് തയാറാക്കുന്നവിധം, ഇന്റർവ്യൂവിലെ മാർക്കിന്റെ സ്പ്ലിറ്റ് ഡീറ്റയിൽസ്, ഷോർട്ട് ലിസ്റ്റ്, റാങ്ക് ലിസ്റ്റ്, മെയിൻ ലിസ്റ്റ്, റൊട്ടേഷൻ ചാർട്ട് എന്നിവയെല്ലാം അറിയാൻ യുവാക്കൾക്ക് അവകാശമുണ്ട്.
സമൂഹത്തിൽ അഴിമതി കണ്ടാൽ പ്രതികരിക്കാനുള്ള യുവാക്കളുടെ വാസന കേവലം ന്യൂമീഡിയ പ്രതികരണങ്ങളായി മാത്രം അവസാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെയും സമൂഹത്തിന്റെയും ആരോഗ്യകരമായ വളർച്ചയ്ക്ക് അധികാര കേന്ദ്രങ്ങളെ അസ്വസ്തമാക്കുന്ന സക്രിയ യുവത്വത്തിന് ആർ.ടി.ഐ ആക്ടിനെ പരമാവധി പ്രയോജനപ്പെടുത്താനാകും.
കാമ്പസുകളുടെ പ്രവർത്തനത്തിൽ സുതാര്യതയും പ്രതിബന്ധതയും വളർത്തും. എന്റെ കാമ്പസിന്റെ, കോളേജിന്റെ പ്രവർത്തനങ്ങളിൽ എനിക്കും പങ്കാളിത്തമുണ്ട് എന്ന വിദ്യാർത്ഥി ബോധ്യം കലാലയങ്ങളെ കൂടുതൽ സഹകരണാത്മകവും സമാധാനപരവുമാക്കും. കാമ്പസുകളും കലാലയങ്ങളും പൂർണമായും അഴിമതി മുക്തമാണെന്ന് പറയാൻ കഴിയില്ല. നിയമങ്ങളും പ്രവർത്തന കീഴ്‌വഴക്കങ്ങളും നടപ്പിലാക്കുന്നിടത്ത് കാലതാമസവും പിടിപ്പുകേടുമുണ്ട്. ഓഫീസുകളിൽ കടലാസുകൾ ദീർഘനാൾ പിടിച്ചു വയ്ക്കുകയും ഫീസടയ്ക്കാൻ കുറഞ്ഞ സമയം നൽകിയശേഷം പെട്ടെന്ന് ഫൈൻ ഈടാക്കുകയും ചെയ്യുന്നത് കെടുകാര്യസ്ഥതയാണ്.
കോളേജുകളിൽ പഠിപ്പിക്കാൻ വരുന്ന അദ്ധ്യാപകർ, പരീക്ഷാ പേപ്പറുകൾ വാല്യുവേഷൻ നടത്തുന്നവർ തുടങ്ങിയവരുടെ യോഗ്യതയും അതിന് അവലംബിക്കുന്ന മാർഗങ്ങളും കുട്ടികൾക്ക് അറിയാൻ അവകാശമുണ്ട്. നിയമന ഇന്റർവ്യൂവിന് വരുന്ന ബോർഡ് അംഗങ്ങൾ, അവർ മാർക്കിടുന്ന സ്‌കോർഷീറ്റ്. ഓരോ സെഗ്മെന്റിലും ഉദ്യോഗാർത്ഥികൾക്ക് /വിദ്യാർത്ഥിക്ക് നൽകുന്ന മാർക്കിന്റെ ഇനം തിരിച്ച വിവരം, ഉത്തരപേപ്പർ കാണാനുള്ള അവകാശം എന്നിവയെല്ലാം സംരക്ഷിക്കപ്പെടാൻ ആർടിഐ നിയമത്തിൽ വിദ്യാർത്ഥികൾ കൂടുതൽ അവബോധമുള്ളവരായിരിക്കണമെന്ന് വിവരാവകാശ കമ്മീഷണർ പറഞ്ഞു.
സാമൂഹ്യ ജീവിതത്തിൽ പ്രതികരണ ശേഷിയുള്ള യുവാക്കളുടെ ഊർജത്തിൽ ഊറ്റം കൊണ്ട പഴയകാല കേരളം ഇന്നില്ല. ഇന്ന് യുവജനസംഘടനകളും നേതാക്കളും പാർലമെന്ററി മോഹത്തോടെയാണ് പ്രവർത്തനം തുടങ്ങുന്നത്. നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത പ്രായത്തിലെ പ്രതികരണത്തിനേ ശക്തിയുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.
കേസുകളിൽ വിവരാവകാശ കമ്മീഷനുകൾ തീരുമാനം എടുക്കുന്നതിന് കാലപരിധി വേണമെന്ന് വിവരാവകാശ പ്രവർത്തകനും ജില്ലാ ഉപഭോക്ത്യ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റുമായ അഡ്വ.ഡി.ബി.ബിനു പറഞ്ഞു. കേസുകൾ അനന്തമായി നീണ്ടുപോകുന്നു. പല വിധികളും വൈകിവരുന്നതിനാൽ അർഹിക്കുന്ന പ്രതിഫലം ലഭിക്കുന്നില്ലെന്നും മുഖ്യ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
തേവര എസ്.എച്ച് കോളജ് പ്രിൻസിപ്പൽ ഡോ.സി.എസ് ബിജു അധ്യക്ഷതവഹിച്ചു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.അനിൽ ഫിലിപ്പ്, ജെയിംസ് വി ജോർജ്, ഡോ.ടെസി മേരി ജോസ്, ഡോ.സനു വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. ക്ലബ് കോ ഓഡിനേറ്റർ സാനിയ ഷാജിയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികളാണ് പരിപാടി സംഘടിപ്പിച്ചത്.