- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുവായൂർ ആനക്കോട്ടയിലെ ആനകൾക്ക് ഇനി സുഖമായി കിടക്കാം; എട്ട് ലക്ഷം രൂപ ചെലവിൽ റബർ മെത്ത ഒരുക്കി
തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിലെ ആനകൾക്കായി കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കി. ആനകൾക്ക് കിടക്കാനായി എട്ട് ലക്ഷം രൂപ ചെലവിട്ട് റബർ മെത്ത ഒരുക്കി. കോൺക്രീറ്റ് തറയിലാണ് റബർ മെത്ത സജ്ജീകരിച്ചത്. പാദരോഗത്തെ പ്രതിരോധിക്കാൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റബർ മെത്ത ആദ്യമായി ഒരുക്കിയത് ആനക്കോട്ടയിലെ ആന മുത്തശി നന്ദിനിക്കാണ്. വൈകാതെ മറ്റ് ആനകൾക്കും റബർ മെത്ത ഉൾപ്പടെ വിഐപി സൗകര്യമൊരുക്കും. ഇതിനായുള്ള ബജറ്റ് ദേവസ്വം പ്രത്യേകം വകയിരുത്തിയിട്ടുണ്ട്. കോൺക്രീറ്റ് തറ കെട്ടിപ്പൊക്കിയതിന് മുകളിലാണ് നല്ല കനത്തിലുള്ള റബർ ഷീറ്റ് വിരിച്ച് മെത്ത തയാറാക്കിയിരിക്കുന്നത്. ആനയ്ക്ക് ഇരുഭാഗത്തേക്കും ചെരിഞ്ഞുകിടക്കാൻ പാകത്തിലാണ് റബർ മെത്ത സജ്ജീകരിച്ചിരിക്കുന്നത്.
ഗുരുവായൂരപ്പ ഭക്തനായ കോയമ്പത്തൂർ സ്വദേശി മാണിക്യന്റെ വഴിപാടായാണ് തറയിൽ മെത്ത നിർമ്മിച്ചു നൽകിയത്. എറണാകുളം ലാൻഡ് മാർക്ക് ബിൽഡേഴ്സ് ആറു മാസം കൊണ്ടാണ് റബർ മെത്തയുടെ നിർമ്മാണം പൂർത്തീകരിച്ചത്.
മണ്ണിലെ ചെളിയിൽ നിന്നാണ് ആനകൾക്ക് പാദരോഗം വരുന്നതെന്നാണ് വെറ്റിനറി ഡോക്ടർമാരുടെ നിഗമനം. പാദരോഗം ആനകൾക്ക് അത്യന്തം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കി. ചില അവസരത്തിൽ ആനകളുടെ മരണത്തിന് വരെ പാദരോഗം കാരണമായേക്കാം. നന്ദിനി ദീർഘനാളായി പാദരോഗത്തിന് ചികിത്സയിലായിരുന്നു. ആയുർവേദ ചികിത്സയിൽ കഴിയുന്ന നന്ദിനിക്കിപ്പോൾ രോഗശമനമായെങ്കിലും വീണ്ടും വരാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് തറ റബറാക്കാൻ ദേവസ്വം തീരുമാനിച്ചത്.




