- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല തീർത്ഥാടകർ സിനിമാ താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും പോസ്റ്ററുകളും ചിത്രങ്ങളുമായി പതിനെട്ടാം പടി കയറുന്നതിനും ദർശനം നടത്തുന്നതിനും വിലക്ക്; ശിവമണിയുടെ ഡ്രം വായനയും അതിരുവിട്ടു; ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കുമൊപ്പം ഹൈക്കോടതി
കൊച്ചി : ശബരിമല തീർത്ഥാടകർ സിനിമാ താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും പോസ്റ്ററുകളും ചിത്രങ്ങളുമായി പതിനെട്ടാം പടി കയറുന്നതിനും ദർശനം നടത്തുന്നതിനും ഹൈക്കോടതി വിലക്കേർപ്പെടുത്തി. ഇക്കാര്യത്തിൽ വീഴ്ചയില്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉറപ്പാക്കണം. ക്ഷേത്രത്തിലെ പതിവ് ചിട്ടവട്ടങ്ങളും ആചാര അനുഷ്ഠാനങ്ങളും പാലിച്ച് ദർശനം നടത്താൻ ഭക്തർ ബാധ്യസ്ഥരാണെന്ന് കോടതി വര്യക്തമാക്കി. ജസ്റ്റിസ് അനിൽ. കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
അടുത്തിടെ തമിഴ് നടൻ അജിത്തിന്റെ തുനിവ് സിനിമയുടെ പോസ്റ്ററുകളും അന്തരിച്ച കന്നട നടൻ പുനീത് രാജ്കുമാറിന്റെയും ചിത്രങ്ങളും മറ്റും ഉയർത്തിപ്പിടിച്ച് ഭക്തർ ദർശനത്തിന് എത്തിയതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രസ്തുത ചിത്രങ്ങൾ ഫോട്ടോ ഒരു അയ്യപ്പഭക്തൻ ഹൈക്കോടതി രജിസ്റ്റ്രാർ ജനറലിന് അയച്ചതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
അയ്യപ്പനോട് ആദരവുള്ള ഭക്തർ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് ദർശനം നടത്തുകയാണു വേണ്ടത്. ഇതിനു വിരുദ്ധമായി ചിത്രങ്ങളും പോസ്റ്ററുകളും സഹിതം എത്തുന്ന ഭക്തരെ കടത്തി വിടരുതെന്നു കോടതി നിർദേശിച്ചു. ആചാരാനുഷ്ഠാനങ്ങൾ എല്ലാ ഭക്തർക്കും ഒരുപോലെ ബാധകമായതിനാൽ ഇത്തരം പരിപാടികൾ അനുവദിക്കാൻ പാടില്ലായിരുന്നു എന്നു കോടതി പറഞ്ഞതു ദേവസ്വം ബോർഡും സമ്മതിച്ചു.
കൂടാതെ സോപാനത്തിന് മുന്നിൽ ഡ്രം പോലെയുള്ള വാദ്യോപകരണങ്ങൾ അവതരിപ്പിക്കാൻ ഭക്തരെ അനുവദിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. പ്രശസ്ത ഡ്രമ്മർ ശിവമണി ശബരിമല ദർശനത്തിന് എത്തിയപ്പോൾ സോപാനത്തിനു മുന്നിൽ ഡ്രം വായിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നിർദ്ദേശം. സംഭവത്തിൽ സോപാനം ഓഫിസർക്കു കാരണംകാണിക്കൽ നോട്ടിസ് നൽകിയെന്ന് ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ അറിയിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടിയെടുക്കണമെന്നു കോടതി ഓർമിപ്പിച്ചു.
പ്രതിദിനം 80,000 90,000 ഭക്തർ ദർശനത്തിനെത്തുമ്പോൾ ഒരു മിനിറ്റിൽ 70 -80 പേരെ പതിനെട്ടാം പടിയിലൂടെ കടത്തി വിടണമെന്നും കോടതി നിർദ്ദേശം നൽകി. ശബരിമലയിൽ അരവണനിർമ്മാണത്തിനായി ഉപയോഗിക്കുന്ന ഏലക്കയിൽ അനുവദനീയമായ അളവിൽക്കൂടുതൽ കീടനാശിനിയുണ്ടെന്ന വിഷയം ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. ഏലക്ക കേന്ദ്രലാബിൽ പരിശോധിച്ചതിന്റെ റിപ്പോർട്ട് കിട്ടാത്ത സാഹചര്യത്തിലാണ് ഹർജി മാറ്റിയത്.