കൊച്ചി: മദ്യനയത്തിൽ മാറ്റം വരുത്താനുള്ള സർക്കാർ നീക്കം ജനവഞ്ചനയെന്ന് സിറോ മലബാർ സഭ. 'ഡ്രൈ ഡേ ഒഴിവാക്കുന്നതും ബാർ സമയം കൂട്ടുന്നതും അപലപനീയമാണ്. സഭ പ്രതിഷേധിക്കുകയും എതിർപ്പ് അറിയിക്കുകയും ചെയ്യുന്നു'. സംസ്ഥാന സർക്കാരിന്റെ മദ്യ നയ മാറ്റം സംബന്ധിച്ച ചോദ്യത്തിൽ സിറോ മലബാർ സഭ പി ആർ ഒ ആന്റണി വടക്കേക്കര പ്രതികരിച്ചു. ടൂറിസം വികസനത്തിന്റെ മറപിടിച്ച് മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് ആശങ്കാജനകമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

അതേ സമയം ബാർ കോഴ വിവാദത്തിൽ രാഷ്ട്രീയ അഭിപ്രായത്തിനില്ലെന്നും സുതാര്യമായ അന്വേഷണം നടത്തി യഥാർത്ഥ വിവരങ്ങൾ പുറത്തുകൊണ്ടുവരണമെന്നും സീറോ മലബാർ സഭ ആവശ്യപ്പെട്ടു. ഡ്രൈഡേ പിൻവലിക്കാനും ബാറുകളുടെ സമയം കൂട്ടാനും സംസ്ഥാന സർക്കാർ പദ്ധതിയിടുന്നു എന്ന വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു. വാർത്ത പുറത്ത് വന്നതിന് പിന്നാലെ മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് അനിമോൻ വാട്ട്‌സാപ്പിലൂടെ നൽകിയ ശബ്ദ സന്ദേശവും പുറത്തായി.

ബാർ അസോസിയേഷൻ സംഘടന ഇത് നിഷേധിച്ചെങ്കിലും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ രാഷ്ട്രീയ ആയുധമാക്കി മാറ്റി. കെപിസിസി പ്രസിഡന്റ് വി എം സുധീരൻ അടക്കമുള്ള നേതാക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.