ന്യൂഡല്‍ഹി: പുതിയ ക്രിമിനല്‍ നിയമങ്ങളെകുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന്‍ ആര്‍പിഎഫ് പുറത്തിറക്കിയ സംഗ്യാന്‍ മൊബൈല്‍ ആപ്പിന് മികച്ച സ്വീകാര്യത. ഇതുവരെ 10,000 ത്തോളം പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് മേധാവി മനോജ് യാദവാണ് മൊബൈല്‍ ആപ്ലിക്കേഷനായ സംഗ്യാന്റെ പദ്ധതി യാഥാര്‍ഥ്യമാക്കിയത്. എല്ലാ ആര്‍പിഎഫ് അംഗങ്ങളും ഈ മൊബൈല്‍ ആപ്പ് ഉപയോഗിക്കണമെന്ന് ദക്ഷിണ റെയില്‍വെ തിരുവനന്തപുരം ഡിവിഷന്‍ ഐആര്‍പിഎസ്എഫ് സീനിയര്‍ ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ തന്‍വി ഗുപ്ത ആവശ്യപ്പെട്ടു.

ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങളുടെയും ആഴത്തിലുള്ള വിശകലനം ആപ്പില്‍ ലഭ്യമാണ്. കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് പാസാക്കിയ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയമം എന്നിവയാണ് മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍. ബ്രിട്ടീഷ് കാലഘട്ടത്തിലെ ഇന്ത്യന്‍ പീനല്‍ കോഡ്, ക്രിമിനല്‍ നടപടി ചട്ടം, ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്ക് പകരമാണ് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നത്.

സംഗ്യാന്‍ ആപ്പ് ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമാണ്. ആപ്പ് ഉപയോക്താക്കള്‍ക്ക് എവിടെയിരുന്നായാലും ഈ നിയമങ്ങള്‍ സൗകര്യപ്രദമായി വായിക്കാനും തിരയാനും റഫര്‍ ചെയ്യാനും കഴിയും. പഴയതും പുതിയതുമായ നിയമത്തിലെ മാറ്റങ്ങളും വ്യവസ്ഥകളും മനസിലാക്കുവാന്‍ റെയില്‍വേ ഉദ്യോഗസ്ഥരെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് ആപ്പ് വികസിപ്പിച്ചെടുത്തത്. പുതിയ നിയമങ്ങളില്‍ ആര്‍.പി.എഫിന്റെ പ്രവര്‍ത്തനത്തിന് പ്രസക്തമായവയേയും പുതിയ നിയമത്തിന്റെ ശരിയായ പ്രയോഗത്തെ സംബന്ധിച്ചും റെയില്‍വേ സുരക്ഷാസേനാംഗങ്ങള്‍ക്ക് വേണ്ട സഹായം ഈ സംഗ്യാന്‍ ആപ്പിലൂടെ ലഭ്യമാകും.

എവിടെയായിരുന്നാലും ബി.എന്‍.എസ്, ബി.എന്‍.എസ്.എസ്, ബി.എസ്.എ എന്നിവയുടെ ബെയര്‍ ആക്ടുകളെക്കുറിച്ച് വായിക്കാനും തിരയാനും പരിശോധിക്കാനും കഴിയുമെന്നതാണ് ഈ ആപ്പിന്റെ പ്രധാനസവിശേഷതകളില്‍ ഒന്ന്. നിയമത്തിനുള്ളിലുള്ള പ്രത്യേക വകുപ്പുകളുടെ വിശദമായ വിശകലനവും ഇതിലൂടെ സാദ്ധ്യമാണ്.

നിയമങ്ങളിലുണ്ടായ മാറ്റത്തെക്കുറിച്ചും നിലനില്‍ക്കുന്നതിനെക്കുറിച്ചും മനസിലാക്കാന്‍ സഹായിക്കുന്നതിനായി പഴയതും പുതിയതുമായ നിയമങ്ങള്‍ തമ്മിലുള്ള താരതമ്യവും ഇതിലൂടെ നടത്താനാകും. കൂടാതെ ആര്‍.പി.എഫ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍. റെയില്‍വേ സംരക്ഷണ സേന നിയമം-1957, റെയില്‍വേ നിയമം-1989, റെയില്‍വേ പ്രോപ്പര്‍ട്ടി (നിയമവിരുദ്ധമായ കൈവശം) നിയമം-1966,1987ലെ ആര്‍.പി.എഫ് ചട്ടങ്ങള്‍ നിയമങ്ങള്‍ എന്നിവയുള്‍പ്പെടെ റെയില്‍വേ സുരക്ഷയുമായി ബന്ധപ്പെട്ട മറ്റ് അവശ്യ നിയമ നിയമങ്ങളുടെയും ചട്ടങ്ങളുടെയും പ്രാപ്യതയും ഇതിലൂടെ സാദ്ധ്യമാകുമെന്നതും ആപ്പിന്റെ സവിശേഷതയാണ്.