കൊച്ചി: പട്ടികജാതി പട്ടികവര്‍ഗ നിയമപ്രകാരം റജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ വിചാരണയ്ക്കു കൊച്ചിയില്‍ പ്രത്യേക സ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. സ്‌പെഷ്യല്‍ ജഡ്ജ്, ബഞ്ച് ക്ലാര്‍ക്ക്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് എന്നിവരുടെ ഓരോ തസ്തിക വീതം പുതുതായി സൃഷ്ടിക്കും. ഹൈക്കോടതിയിലെ 17 സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍മാര്‍ക്കുള്ള പുനര്‍നിയമനവും തീരുമാനമായി. എറണാകുളം സൗത്ത് ചിറ്റൂര്‍ സ്വദേശി വി മനുവിനെ അഡ്വക്കേറ്റ് ജനറലിന്റെ സ്‌പെഷ്യല്‍ ഗവ. പ്ലീഡറായി മൂന്ന് വര്‍ഷത്തേക്ക് നിയമിക്കും.

ശിരസ്തദാര്‍, യുഡി ക്ലാര്‍ക്ക്, എല്‍ ഡി ടൈപ്പിസ്റ്റ്, ഡഫേദാര്‍, കോര്‍ട്ട് കീപ്പര്‍, ഓഫീസ് അറ്റന്‍ഡന്റ് (2) എന്നിങ്ങനെ ഏഴു തസ്തികകള്‍ താല്‍ക്കാലിക കോടതിയില്‍ നിന്ന് ഇവിടേക്ക് മാറ്റും. ഇടമലയാര്‍ കേസുകളുടെ വിചാരണയ്ക്കു സ്ഥാപിച്ച താല്‍ക്കാലിക കോടതിയില്‍ നിന്നും ആറും മാറാട് കേസുകളുടെ വിചാരണയ്ക്ക് സ്ഥാപിച്ച താല്‍ക്കാലിക കോടതിയില്‍ നിന്ന് ഒരു തസ്തികയുമാണ് മാറ്റുക.

ഹൈക്കോടതിയിലെ 17 സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍മാര്‍ക്ക് ഓഗസ്റ്റ് 1 മുതല്‍ 3 വര്‍ഷത്തേക്കുള്ള പുനര്‍നിയമനം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. 49 സീനിയര്‍ ഗവ. പ്ലീഡര്‍മാര്‍ക്കും 48 ഗവ. പ്ലീഡര്‍മാര്‍ക്കും മൂന്ന് വര്‍ഷത്തേക്കും പുനര്‍നിയമനം നല്‍കും. ഇതിനകം 60 വയസ്സു പൂര്‍ത്തിയായാല്‍ തുടരാനാകില്ല.

സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ ( വ്യവസായം) എന്ന തസ്തികയെ സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ (പൊതുവിദ്യാഭ്യാസം) എന്നു പുനക്രമീകരിച്ചു നിലവിലെ സ്‌പെഷ്യല്‍ ഗവ. പ്ലീഡറായ ചേര്‍ത്തല തുറവൂര്‍ സ്വദേശി പി. സന്തോഷ് കുമാറിനെ മൂന്ന് വര്‍ഷത്തേക്ക് നിയമിക്കും. പുതുതായി നിലവില്‍ വന്ന അട്ടപ്പാടി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടറുടെ തസ്തിക സൃഷ്ടിക്കാനും തീരുമാനിച്ചു.