മലപ്പുറം: തിരൂരിലെ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ഭക്ഷണത്തില്‍ പുഴു വീണതില്‍ കടുത്ത പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍. ജി.ജി.എച്ച്.എസ്.എസ് തിരൂരിലെ വിദ്യാര്‍ത്ഥിനികളാണ് പ്രതിഷേധവുമായി റോഡ് ഉപരോധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തത്. ഓടിട്ട പഴകിയ കെട്ടിടത്തില്‍ നിന്ന് നിന്ന് പലപ്പോഴായി പുഴു ശല്യം ഉണ്ടായതായി പരാതിപ്പെട്ടിട്ടും സ്‌കൂള്‍ അധികൃതരും പിടിഎയും നടപടിയെടുക്കാതിരുന്നതോടെയാണ് വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധം ഉയര്‍ത്തിയത്. സ്‌കൂളിന് മുന്നിലെ റോഡ് ഉപരോധിച്ച വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളിനകത്ത് ഏറെ നേരം പ്രതിഷേധിച്ചു.

അതേസമയം, സംഭവത്തില്‍ പരിശോധിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ മലപ്പുറം ആര്‍.ഡി.ഡി. യെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജി ജി എച്ച് എസ് എസ് തിരൂരിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഡയറ്റിന്റെ സ്ഥലത്തുള്ള മരങ്ങള്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളിലേക്ക് ചാഞ്ഞ് ഇലകള്‍ വീണ് പുഴു ശല്യം ഉണ്ടാകുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന് ശാശ്വതമായ പരിഹാരമെന്ന നിലയില്‍ മരം അടിയന്തരമായി മുറിച്ചു മാറ്റാന്‍ ഡയറ്റ് പ്രിന്‍സിപ്പാളിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്‌കൂളിന് പുതിയ കെട്ടിടം പണിയുന്നത് അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി മൂന്നു കോടി തൊണ്ണൂറ് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സാങ്കേതിക നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി അടിയന്തിരമായി കെട്ടിടം പണിയാനുള്ള നടപടിയുണ്ടാകും. പ്രിന്‍സിപ്പാളിനോട് സംസാരിച്ചതിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളും കോമ്പൗണ്ടും അടിയന്തരമായി ശുചീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തലക്കാട് പഞ്ചായത്ത് പ്രസിഡണ്ടുമായും സംസാരിച്ചു. സ്‌കൂള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത് ക്രിയാത്മകമായി ഇടപെടും. നിലവില്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ ഫണ്ട് അനുവദിക്കേണ്ട ആവശ്യമുണ്ടെങ്കില്‍ അതിന്റെ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് ബന്ധപ്പെട്ട ജനപ്രതിനിധികള്‍ നിവേദനം നല്‍കിയാല്‍ അക്കാര്യവും പരിഗണിക്കും. സ്‌കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും മന്ത്രി കുറിപ്പില്‍ ആവശ്യപ്പെട്ടു.