കോഴിക്കോട്: കൊടുവള്ളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റാഗിങ്ങിനെത്തുടര്‍ന്ന് നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റതില്‍ 17 പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. കൊടുവള്ളി പൊലീസാണ് 17 പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

പ്ലസ് വണ്‍ കംപ്യൂട്ടര്‍ കൊമേഴ്‌സ് വിദ്യാര്‍ഥികളായ മുഹമ്മദ് ആദില്‍, സിയാന്‍ ബക്കര്‍, മുഹമ്മദ് ഇലാന്‍, ബിഷിര്‍ എന്നിവരുടെ പരാതിയിലാണ് കേസ്. തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയോടെയുണ്ടായ സംഘര്‍ഷത്തിലാണ് നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റത്. കോമ്പസ് കൊണ്ട് കുത്തേറ്റ് വിദ്യാര്‍ഥിയുടെ കഴുത്തിലും മുതുകിലും പരുക്കേറ്റു. വിദ്യാര്‍ഥികളുടെ കൈ വടികൊണ്ട് തല്ലിയൊടിക്കുകയും ചെയ്തു.

പ്ലസ് ടു, പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് ഏറ്റുമുട്ടിയത്. കഴിഞ്ഞയാഴ്ച റാഗിങ്ങുമായി ബന്ധപ്പെട്ട് 5 പ്ലസ്ടു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പരാതി നല്‍കിയ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്കാണ് തിങ്കളാഴ്ച മര്‍ദനമേറ്റത്.