കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളിൽ എൻഫോഴ്‌സ്‌മെന്റ് നാർക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ കഞ്ചാവിന്റെ കുരു ഓയിൽ രൂപത്തിലാക്കി മിൽക്ക് ഷെയ്ക്കിൽ കലക്കി കൊടുക്കുന്നതായി കണ്ടെത്തി. ജ്യൂസ് സ്റ്റാളിൽ നിന്നും ഹെംബ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേർത്ത 200 മില്ലി ദ്രാവകം പിടികൂടി.

സ്ഥാപനത്തിനെതിരേ മയക്കുമരുന്ന് നിയമ പ്രകാരം കേസ് എടുത്തു. സീഡ് ഓയിൽ രാസപരിശോധനക്കായി കോഴിക്കോട് റീജിയണൽ കെമിക്കൽ ലാബിൽ പരിശോധനക്കയച്ചു. പരിശോധനഫലം ലഭിക്കുന്ന മുറക്ക് തുടർനടപടികൾ സ്വീകരിക്കുന്നതാണെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ എൻ സുഗുണൻ അറിയിച്ചു.

ബീച്ചിലെ ഒരു ജ്യൂസ് സ്റ്റാളിൽ കഞ്ചാവ് ചെടിയുടെ അരി ഉപയോഗിച്ച് ഷെയ്ക്ക് അടിച്ച് വിൽപ്പന നടത്തുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നിരവധി വാർത്താ ചാനലുകളും ഈ കടയിലെത്തി ഷെയ്ക്കിന്റെ പ്രത്യേകതകൾ പ്രചരിപ്പിച്ചു. തുടർന്ന് നിരവധി പരാതികൾ എക്‌സൈസ് കമ്മീഷണർക്ക് ലഭിച്ചിരുന്നു. തുടർന്നാണ് അധികൃതർ സ്ഥാപനത്തിൽ പരിശോധന നടത്തിയത്.

ഡൽഹിയിൽ നിന്നുമാണ് ഇത്തരത്തിലുള്ള കഞ്ചാവിന്റെ കുരു വരുന്നത്. ഇത്തരത്തിലുള്ള കൂടുതൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി എക്െസെസ് സംശയിക്കുന്നുണ്ട്. വിദ്യാർത്ഥികൾ കൂടുതലായി ഈ സ്ഥാപനത്തിൽ എത്തുന്നുണ്ടോയെന്നും എക്‌സൈസ് സംഘം നിരീക്ഷിച്ചു വരുന്നു.

രാസപരിശോധനഫലത്തിനു ശേഷം തുടർപടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് നാർക്കോട്ടിക് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വിആർ. ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇതേ സമയം തന്നെ ലഹരി നൽകുന്ന ഒന്നല്ല തങ്ങളുടെ ഉത്പന്നമെന്നാണ് കടയുടെ അധികൃതർ പറയുന്നത്. കഞ്ചാവ് ലഹരിയുമായി ഷെയ്ക്കിന് യാതൊരു ബന്ധവുമില്ല. പോഷകസമൃദ്ധവും സ്വാദിഷ്ഠവുമായ വിഭവമാണിത്. ഇന്ത്യയിൽ വാങ്ങാനും വിൽക്കാനും നിയമ പ്രശ്‌നങ്ങളില്ലെന്നും ഇവർ വ്യക്തമാക്കുന്നു.