തിരുവനന്തപുരം: നവകേരള സദസ്സിന്റെ തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ മുഖാമുഖം സദസ്സ് ഈ മാസം 26ന് തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗം ആറിന് ഉച്ചക്ക് 2.30ന് തിരുവനന്തപുരം പി എം ജിയിലെ കേരള സംസ്ഥാന സയൻസ് ടെക്നോളജി മ്യൂസിയം കോൺഫറൻസ് ഹാളിൽ ചേരും.

ഭിന്നശേഷിസൗഹൃദ കേരളം നവകേരള കാഴ്ചപ്പാട് എന്ന ലക്ഷ്യത്തോടെ ഭിന്നശേഷി മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളുമായി മുഖ്യമന്ത്രി നടത്തുന്ന മുഖാമുഖം പരിപാടി 26ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ തിരുവനന്തപുരം ആർ ഡി ആർ കൺവെൻഷൻ സെൻട്രലിൽ ആണ് നടക്കുക. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവരും ജില്ലയിലെ എംഎൽഎമാരും പങ്കെടുക്കും.

പരിപാടിയിൽ അമ്പതു പേർക്ക് മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം ഉണ്ടാകും. മറ്റുള്ളവർക്ക് തൽസമയം ചോദ്യങ്ങൾ എഴുതി നൽകാം. ഭിന്നശേഷിക്കാർ, ഭിന്നശേഷി മേഖലയിൽ സംഭാവന ചെയ്യുന്ന വ്യക്തികൾ, ഭിന്നശേഷിക്കാരായ കലാ-കായിക-സാംസ്‌കാരിക പഠന ഗവേഷണ മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ മുഖാമുഖത്തിൽ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.