മലപ്പുറം: ഏഴൂവർഷം മുമ്പു മലപ്പുറം വാഴക്കാടുവെച്ച് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിലെ പിടികിട്ടാപ്പുള്ളി തമിഴ്‌നാട്ടിലെ ഒളികേന്ദ്രത്തിൽനിന്നും സാഹസികമായി പിടികൂടി കേരളാ പൊലീസ്. തമിഴ്‌നാട് നാഗപ്പട്ടണം സ്വദേശി സിർകളി പെരുംതോട്ടം അല്ലിമേട് നടരാജനാണ് അറസ്റ്റിലായത്.

2015ൽ തമിഴ്‌നാട്ടിൽ നിന്നും എടവണ്ണപ്പാറ ഇരുപ്പൻ തൊടിയിലെ ലോഡ്ജിലെത്തിച്ച് ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തു എന്നതാണ് കേസ്. അന്ന് മുങ്ങിയ പ്രതിയെ സാഹസികമായാണ് വഴിക്കാട് പൊലീസ് സ്പെഷ്യൽ ടീം അറസ്റ്റ് ചെയ്തത്. അല്ലിമേട് കോളനിയിൽ താമസിച്ച പ്രതിയെ പിടിക്കാൻ ചെന്ന സമയം കോളനിവാസികളുടെ വലിയ എതിർപ്പുണ്ടായി .തുടർന്ന് തമിഴ്‌നാട് പൊലീസിന്റെ സഹായം തേടുകയായിരുന്നു.

മൊബൈൽ ഉപയോഗിക്കുക പോലും ചെയ്യാത്ത ഇയാളെ കണ്ടെത്താൻ മാസങ്ങളുടെ ശ്രമം നടത്തേണ്ടി വന്നു. കൊണ്ടോട്ടി എ.എസ്‌പി വിജയ് ഭരത് റെഡിയുടെ നിർദ്ദേശ പ്രകാരം വാഴക്കാട് എസ്ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ ലോങ്ങ് പെന്റിംങ്ങ് ഡിറ്റക്ഷൻ സ്‌ക്വാഡിലെ കെ.ടി റാഷിദ് ,മുഹമ്മദ് അജ്നാസ് ,എന്നിവരാണ് പ്രതിയെ പിടികൂടിയത്.

കച്ചേരിപ്പടിയിലെ ഒഴിഞ്ഞ കെട്ടിടത്തിൽവെച്ച് മാനസികാസ്വാസ്ഥ്യമുള്ള 17കാരിയെ ബാലാൽസംഗം ചെയ്തുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷയും കഴിഞ്ഞ ദിവസം മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി. കൂട്ടിലങ്ങാടി ചെണ്ടക്കോട് പഴമള്ളൂർ പാലക്കൽ വീട്ടിൽ ഷഹൻഷാൻ (24)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. ഒരു വർഷം മുമ്പ് മലപ്പുറം കോട്ടക്കുന്നിൽ വച്ചാണ് യുവാവ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. പരിചയം പ്രണയമാവുകയും ഇക്കഴിഞ്ഞ ഓഗസ്റ്റ് 18ന് യുവാവ് പെൺകുട്ടിയെ ഫോണിൽ വിളിച്ച് മലപ്പുറം കുന്നുമ്മലിലേക്ക് വരുത്തുകയായിരുന്നു.

തുടർന്ന് ബസ്സിൽ മഞ്ചേരി കച്ചേരിപ്പടിയിലേക്ക് കൊണ്ടുവരികയും ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടുപോയി ബലാൽസംഗം ചെയ്തുവെന്നുമാണ് കേസ്. കുട്ടി ഗർഭിണിയായതോടെയാണ് പീഡന വിവരം പുറത്തായത്. പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ചൈൽഡ് ലൈൻ നിർദ്ദേശപ്രകാരം പൊലീസ് സെപ്റ്റംബർ 25ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മലപ്പുറം വനിതാസെൽ പൊലീസ് 26ന് അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്യുകയായിരുന്നു.