കോഴിക്കോട്: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ, പൊതുമേഖലയ്‌ക്കൊപ്പം, സ്വകാര്യ മേഖലയിലും നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ചത്. വിദേശ സർവകലാശാലകളുടെ കാംപസ് സംസ്ഥാനത്ത് പരിഗണിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ആശങ്ക അറിയിച്ച് എസ്എഫ്‌ഐ രംഗത്തെത്തി.

വിദേശ സർവകലാശാല വേണ്ടെന്നാണ് എസ്എഫ്‌ഐ നിലപാടെന്ന് സംസ്ഥാന പ്രസിഡന്റ് അനുശ്രീ പറഞ്ഞു. ആശങ്ക സർക്കാറിനെ അറിയിക്കുമെന്നും അനുശ്രീ വ്യക്തമാക്കി. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

'സ്വകാര്യ സർവകലാശാലകൾ സർക്കാർ നിയന്ത്രണത്തിലായിരിക്കണം പ്രവർത്തിക്കേണ്ടത്. വിദ്യാർത്ഥികൾ യാതൊരു വിധത്തിലുള്ള വിവേചനവും നേരിടാൻ പാടില്ല. വിഷയം സർക്കാരുമായി ചർച്ച ചെയ്യും', അനുശ്രീ പറഞ്ഞു.

വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാനും പഠനത്തിനായുള്ള മലയാളികളുടെ വിദേശകുടിയേറ്റം നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് സംസ്ഥാനത്ത് വിദേശ സർവകലാശാലാ കാംപസുകൾ സ്ഥാപിക്കാനുള്ള സാധ്യത സർക്കാർ തേടുന്നത്. യുജിസി. മാർഗനിർദേശങ്ങളനുസരിച്ച് ഇതിനുള്ള അവസരങ്ങൾ പരിശോധിക്കുമെന്നാണ് വിവരം.