കോഴിക്കോട്: രാജ്യത്ത് നവരാത്രി ആഘോഷങ്ങൾ തുടങ്ങാനിരിക്കെ 'ദണ്ഡിയ' നൃത്തത്തിന്റെ കേരള സ്റ്റൈൽ പരിചയപ്പെടുത്തി ശശി തരൂർ. ഇതുമായി ബന്ധപ്പെട്ട വീഡിയോ ശശി തരൂർ എംപി എക്‌സിൽ പോസ്റ്റു ചെയ്തു. 'ഗുജറാത്തി സഹോദരിമാരുടെ ശ്രദ്ധക്ക്! ഈ നവരാത്രിയിൽ ദണ്ഡിയയുടെ കേരള ശൈലി നോക്കുക!' എന്ന തലക്കെട്ടിലാണ് എക്‌സിൽ തരൂർ വിഡിയോ പങ്കുവെച്ചത്.

ഗുജറാത്തി പെൺകുട്ടികൾ വടികൾ ഉപയോഗിച്ച് അവതരിപ്പിക്കുന്ന ദണ്ഡിയ നൃത്തരൂപത്തിന് സമാനമായാണ് കേരളത്തിലെ പെൺകുട്ടികൾ നൃത്തം അവതരിപ്പിക്കുന്നത്. കസവ് സെറ്റ് സാരിയും ചുവന്ന ബ്ലൗസും ധരിച്ച പെൺകുട്ടികൾ നീണ്ട വടി ഉപയോഗിച്ചാണ് നൃത്തം ചെയ്യുന്നത്.

ഒമ്പത് ദിവസം നീണ്ടതാണ് നവരാത്രി ആഘോഷങ്ങൾ. നവരാത്രി ആഘോഷത്തിൽ വർണാഭമായ കോലുകൾ ഉപയോഗിച്ച് അവതരിപ്പിക്കുന്ന ഗുജറാത്തി നാടോടി നൃത്തരൂപങ്ങളാണ് ദണ്ഡിയയും ഗർബയും.