തിരുവനന്തപുരം : സർവ്വീസിൽ നിന്നും വിരമിക്കുന്ന ചീഫ് ജസ്റ്റീസിന് വിരുന്ന നൽകുന്ന സംസ്ഥാന സർക്കാരിന്റെ തെറ്റായ നടപടി ഉപകാരസ്മരണയും അനൗചിത്യവുമാണെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ.

ചീഫ് ജസ്റ്റീസായിരിക്കുമ്പോൾ ജഡ്ജിമാർക്ക് കേസുകൾ വിഭജിച്ച് നൽകുന്നതിൽ വിധിന്യായങ്ങളെ സംബന്ധിച്ച് ഉണ്ടായിട്ടുള്ള ആരോപണങ്ങൾ ബലപ്പെടുത്തുന്നതാണ് വിരുന്നു സൽക്കാരമെന്നും പ്രത്യുപകാരം വിരുന്നിനപ്പുറം കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്കുള്ള നിയമനം വരെ നീണ്ടു പോകുന്നതാണെന്നും ആയതിനാൽ ഇപ്പോൾ വിരമിച്ച ചീഫ് ജസ്റ്റീസിനെ കേരളത്തിൽ പുനർ നിയമനം നൽകി ചെയർമാനായി അവരോധിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും ആർ എന്ന് പി സെക്രട്ടറി ഷിബു ബേബിജോൺ പറഞ്ഞു. പ്രോഗ്രസീവ് ലോയേഴ്‌സ് ഫോറം തിരുവനന്തപുരം ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകായുക്ത പുറപ്പെടുവിച്ച വിധിന്യായത്തെ സംബന്ധിച്ച് പത്രക്കുറിപ്പിലൂടെ വിശദീകരണം നൽകേണ്ടി വന്നത് വിധിന്യായം അപര്യാപ്തമാണെന്നുള്ള കുറ്റസമ്മതമാണ്. നിയമവ്യവസ്ഥകൾ പാലിക്കാതെ പൊതുജനങ്ങളെ കൊള്ളയടിക്കുവാൻ നിരത്തുകളിൽ ക്യാമറകൾ സ്ഥാപിച്ച് പിഴ ഈടാക്കുവാനുള്ള ജനവിരുദ്ധ നയങ്ങളിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും നിയമ വിരുദ്ധമായി സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കെതിരെ അഭിഭാഷക സമൂഹം ഉണർന്നു പ്രവർത്തിക്കണമെന്നും പെൻഷൻ പറ്റിയ ശേഷം ജഡ്ജിമാർക്ക് പുനർ നിയമനം നൽകുന്നത് നീതിന്യായ വ്യവസ്ഥയുടെ നിലനിൽപ്പിനെ ദോഷകരമായി ബാധിക്കുന്നതാണെന്നും യോഗം വിലയിരുത്തി.

യോഗത്തിൽ അഡ്വ. പുഞ്ചക്കരി രവി അദ്ധ്യക്ഷത വഹിച്ചു. അഭിഭാഷകരായ എസ്. കൃഷ്ണകുമാർ , കെ.ജി.സുരേഷ് ബാബു, രാജേഷ്, സിദ്ദിഖ്, പന്ത കൃഷ്ണൻ കുട്ടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കെ.ജയകുമാർ , കെ.എസ്. സനൽകുമാർ , ഇറവൂർ പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു.