- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം-നാഗർകോവിൽ പാത ഇരട്ടിപ്പിച്ചിരുന്നെങ്കിൽ വന്ദേ ഭാരത് ട്രെയിൻ ഉൾപ്പെടെ ഈ വർഷം നിരവധി ട്രെയിനുകൾ കിട്ടുമായിരുന്നു; ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണമെന്നതാണ് എല്ലാ പാഴ്പദ്ധതികളുടെയും പിന്നിലെ യാഥാർഥ്യം; കെ റെയിലിൽ വിമർശനവുമായി ശൂരനാട്
കൊല്ലം: കെറെയലിൽ പിണറായി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് വക്താവ് ജോ ശൂരനാട് രാജശേഖരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. തിരുവനന്തപുരം- നാഗർകോവിൽ പാത ഇരട്ടിപ്പിച്ചിരുന്നെങ്കിൽ അതുവഴി വന്ദേ ഭാരത് ട്രെയിൻ ഉൾപ്പെടെ ഈ വർഷം തന്നെ നിരവധി ട്രെയിനുകൾ കിട്ടുമായിരുന്നു. പക്ഷേ, യഥാർഥ വികസനമല്ലല്ലോ സർക്കാരിന്റെ ലക്ഷ്യം. ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണമെന്നു പണ്ടു കുഞ്ചൻ നമ്പ്യാർ പാടിയതാണ് എല്ലാ പാഴ്പദ്ധതികളുടെയും പിന്നിലെ യാഥാർഥ്യം-ശൂരനാട് കുറ്റപ്പെടുത്തുന്നു
ശുരനാടിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ
സർക്കാരിന്റെ കുറ്റി തെറിപ്പിച്ച സർവേ കുറ്റികൾ - ഡോ. ശൂരനാട് രാജശേഖരൻ
വയ്യാത്ത നായ കൈയാല കയറരുതെന്നാണു നാട്ടുനടപ്പ്. കെ റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനു സംഭവിച്ചതും ഈ വയ്യാവേലിയാണ്. ഒരു തരത്തിലുള്ള പഠനവും നടത്താതെ, അവശ്യം വേണ്ട അനുമതികളൊന്നും നേടാതെ എടുത്തുചാടി പുറപ്പെട്ട് പാതിവഴി ഇട്ടുപോയ പാഴ്പദ്ധതിയാണു കൊട്ടിഘോഷിക്കപ്പെട്ട കെ റെയിൽ. അതിന്റെ പേരിൽ എത്രയോ പേർ ഇന്നും ദുരിതമനുഭവിക്കുന്നു. ഒരു സെന്റ് മുതൽ പത്തു സെന്റ് വരെ ഭമി സ്വന്തം പേരിലുണ്ടായിരുന്ന പാവങ്ങളാണ് ഈ പദ്ധതിയുടെ ഇരകൾ. അതിന്റെ പേരിൽ പെൺകുട്ടികളുടെ വിവാഹം മുടങ്ങിയവർ, പഠിപ്പു നിർത്തിയവർ, കച്ചവടം തകർന്നവർ, ചികിത്സ മുടങ്ങിയവർ അങ്ങനെ എത്രയോ ലക്ഷം പേർ.
നാലോ അഞ്ചോ വയസുള്ള സ്വന്തം മകളുടെ കൺമുന്നിലൂടെ വലിച്ചിഴച്ച് പരുക്കേല്പിക്കപ്പെട്ട ചങ്ങനാശേരി സ്വദേശി റോസ്ലിൻ എന്ന വീട്ടമ്മയുടെ മുഖം കേരളത്തിനു മറക്കാനാവുമോ? നാലോ അഞ്ചോ വയസുള്ള അവരുടെ കുഞ്ഞിനെയും കൂട്ടി സമരമുഖത്തെത്തി എന്നു പറഞ്ഞ് അവർക്കെതിരേ എടുത്ത പൊലീസ് കേസും ബാലാവകാശ കേസും ഇപ്പോഴും നില നില്ക്കുന്നു. ഈ കേസ് എന്നു തീരും, എങ്ങനെ തീരും? തിരുവനന്തപുരം മുരുക്കുംപുഴയിൽ സമരം ചെയ്തവരെ ബൂട്‌സിട്ടു ചവിട്ടി മെതിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ ഒരു നടപടിയും സ്വീകരിച്ചില്ല. ചിവിട്ടേറ്റ ഈ പാവങ്ങൾ ഇപ്പോഴും ചികിത്സയിലാണ്. അങ്ങനെ എത്രയോ പേർ ദുരിതമനുഭവിക്കുന്നു. കുറഞ്ഞപക്ഷം നിരപരാധികളായ പാവങ്ങളുടെ പേരിൽ എടുത്തിട്ടുള്ള കേസുകൾ അടിയന്തിരമായി പിൻവലിക്കാനുള്ള സാമാന്യ നീതിയെങ്കിലും കാണിക്കണം, സർക്കാർ.
പദ്ധതിക്ക് ഇതുവരെ 31കോടി രൂപ ചെലവിട്ടു എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ മൊത്തം 56 കോടി എങ്കിലും ചെലവിട്ടെന്നു കെ റെയിൽ പറയുന്നു. പത്തനംതിട്ട ഒഴികെ 13 ജില്ലകളിൽ പട്ടിക്കു മുള്ളാൻ കല്ലിട്ടതല്ലാതെ വേറൊന്നും നടക്കാത്ത ഒരു പാഴ്പ്പണിക്കാണ് 56 കോടി രൂപ ദീവാളി കുളിച്ചത്. 63,000 കോടി രൂപ മുടക്കി സിൽവർ ലൈൻ പണിയുന്നതിനെക്കാൾ എത്രയോ വേഗത്തിലും ലാഭത്തിലും തീർക്കാമായിരുന്നു, കേരളത്തിൽ ഇതിനകം അനുമതി ലഭിച്ച വിവിധ റെയിൽ പദ്ധതികൾ. നമ്മുടെ നാട്ടിലെ ഒരൊറ്റ ലൈൻ പോലും ഇതേവരെ ഇരട്ടിപ്പിച്ചു തീർന്നിട്ടില്ല.
തിരുവനന്തപുരം- നാഗർകോവിൽ പാത ഇരട്ടിപ്പിച്ചിരുന്നെങ്കിൽ അതുവഴി വന്ദേ ഭാരത് ട്രെയിൻ ഉൾപ്പെടെ ഈ വർഷം തന്നെ നിരവധി ട്രെയിനുകൾ കിട്ടുമായിരുന്നു. പക്ഷേ, യഥാർഥ വികസനമല്ലല്ലോ സർക്കാരിന്റെ ലക്ഷ്യം. ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണമെന്നു പണ്ടു കുഞ്ചൻ നമ്പ്യാർ പാടിയതാണ് എല്ലാ പാഴ്പദ്ധതികളുടെയും പിന്നിലെ യാഥാർഥ്യം. ഒരു സത്യം സത്യമായി അവശേഷിക്കുന്നു. കേരളത്തെ രണ്ടായി കീറിമുറിക്കുമായിരുന്ന കെ റയിൽ പദ്ധതി അവതരിപ്പിച്ചു നടക്കുവാൻ ആവേശം കൊണ്ട മുഖ്യമന്ത്രിയേക്കാൾ ജനപക്ഷത്ത് നിന്ന് കെ റയിലിനെ പഠിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ്-ശൂരനാട് പറയുന്നു.