തൃശൂർ: തൃശൂർ നഗരത്തിൽ ബർഗർ ഷോപ്പിന് തീ പിടിച്ചു. പടിഞ്ഞാറേകോട്ടയിലെ 'മെസ' ബർഗർ റസ്റ്റോറന്റിനാണ് തീ പിടിച്ചത്. ജനറേറ്ററിൽനിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതി പോയതിനെ തുടർന്ന് ജനറേറ്റർ പ്രവർത്തിപ്പിച്ച് നിമിഷങ്ങൾക്കുള്ളിൽ തീ പടരുകയായിരുന്നു. ഹോട്ടലിലെ ജീവനക്കാരാണ് ആദ്യം തീ കണ്ടത്.

പുക ഉയരുന്നതു കണ്ട് റസ്റ്റോറന്റിലുണ്ടായിരുന്ന എല്ലാവരും പുറത്തിറങ്ങി. ഉടൻ ഫയർ ഫോഴ്സിനെ വിവരമറിയിച്ചു. തുടർന്ന് രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് 45 മിനിറ്റ് സമയമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. ഹോട്ടലിലെ മേശകളും കസേരകളുമുൾപ്പെടെ കത്തിനശിച്ചു. മുകളിലെ നിലയിലേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിച്ചതിനാൽ വൻ അപകടം ഒഴിവായി.