കോട്ടയം: എക്‌സാലോജികിനെതിരെ അന്വേഷണം വരുമെന്ന് മുൻകൂട്ടി കണ്ടാണ് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പരാതിക്കാരനായ ഷോൺ ജോർജ്ജ്. ഷോൺ ജോർജ്ജ് രജിസ്ട്രാർ ഓഫ് കമ്പനീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എക്‌സാലോജികിനും സിഎംആർഎല്ലിനും കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷനുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

സിഎംആർഎല്ലുമായി ബന്ധപ്പെട്ട് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിൽ പരാമർശിച്ച പിവി പിണറായി വിജയൻ തന്നെയാണെന്ന് ഷോൺ ജോർജ്ജ് പറഞ്ഞു. 2023 സെപ്റ്റംബർ 29 ന് താൻ എസ്എഫ്‌ഐഎക്കും കോർപറേറ്റ് മന്ത്രാലയത്തിനും പരാതി നൽകി. ഈ മാസം അഞ്ചിനാണ് സിഎംആർഎല്ലും കെഎസ്‌ഐഡിസിയും കമ്പനി രജിസ്ട്രാർക്ക് വിശദീകരണം നൽകിയത്. ഈ മറുപടി രജിസ്ട്രാർ ഓഫ് കമ്പനീസ് തനിക്ക് നൽകി. അതിനുള്ള മറുപടിയും താൻ ഫയൽ ചെയ്തിട്ടുണ്ട്. ആറ് മാസമായി സ്‌പെഷൽ ബ്രാഞ്ച് തന്നെ നിരീക്ഷിക്കുകയാണ്. ഫോൺ ചോർത്തുന്നുണ്ട്.

എക്‌സാലോജിക്കിനെതിരായ ഈ അന്വേഷണം എത്തിക്കേണ്ടിടത്ത് താൻ എത്തിക്കും. ഒരു രാഷ്ട്രീയ മുന്നണിയുടെയും പിന്തുണയോ സഹായമോ താൻ തേടിയിട്ടില്ല. വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ ഇന്ന് ഉച്ച കഴിഞ്ഞ് എന്തും സംഭവിക്കാം. തന്നെ ആരെങ്കിലും അപായപ്പെടുത്തിയാലും ഈ കേസ് മുന്നോട്ടു കൊണ്ടുപോകാൻ അഞ്ചു പേരെ താൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കോട്ടയത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കോർപറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിനു മുന്നിൽ ഈ വിഷയത്തിലെ ഏക പരാതി തന്റേതു മാത്രമാണ്. കോടികൾ കട്ടവൻ ഒരു മാങ്ങ കക്കുമ്പോഴാകും പിടിക്കപ്പെടുക. അത്തരമൊരു മാങ്ങയാണ് എക്‌സാലോജികെന്നും ഷോൺ ജോർജ്ജ് പറഞ്ഞു.