- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിഫ്റ്റ് സ്ഥാപിക്കേണ്ട കുഴിയിൽ വീണ യുവാവിനെ രക്ഷിച്ചില്ല; എസ് ഐക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; മരണപ്പെട്ടത് വിപിൻരാജ്; അപകടമുണ്ടായത് 2019 സെപ്റ്റംബറിൽ
കോഴിക്കോട്: നിർമ്മാണത്തിലുള്ള കെട്ടിടത്തിന്റെ ലിഫ്റ്റ് സ്ഥാപിക്കേണ്ട കുഴിയിൽ വീണ നിലയിൽ കണ്ടെത്തിയ യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കാത്ത സബ് ഇൻസ്പെക്ടറുടെ പേരിൽ വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആഭ്യന്തര വകുപ്പു സെക്രട്ടറി ഉത്തരവിന്മേൽ സ്വീകരിച്ച നടപടികൾ ആഭ്യന്തരവകുപ്പു സെക്രട്ടറി രണ്ടുമാസത്തിനകം അറിയിക്കണമെന്നും ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. 2019 സെപ്റ്റംബർ 26 ന് ബാലുശ്ശേരി എസ് ഐ യായിരുന്ന വിനോദിനെതിരെ നടപടിയെടുക്കാനാണ് ഉത്തരവ്.
ബാലുശ്ശേരി ബസ് സ്റ്റാന്റിന് സമീപമുള്ള കെട്ടിടത്തിലാണ് ഉണ്ണിക്കുളം എം എം പറമ്പ് സ്വദേശി വിപിൻരാജ് അപകടത്തിൽ പെട്ടത്. രാത്രികാലത്ത് ഫോണിൽ സംസാരിച്ചുകൊണ്ട് കെട്ടിടത്തിലേക്ക് കയറിയപ്പോഴായിരുന്നു അപകടം. ബാലുശ്ശേരി പൊലീസ് ഉടൻ സ്ഥലത്തെത്തി. ലിഫ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് വിപിൻ രാജിനെ കണ്ടെത്തിയത്. വീണയാളെ പുറത്തെടുക്കാൻ എസ്ഐ ശ്രമിച്ചില്ലെന്ന് മാത്രമല്ല അവിടെ കൂടിയിരുന്നവർ വിപിൻരാജിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ അനുവദിച്ചതുമില്ലെന്നാണ് പരാതി.
എസ്ഐ യുടെ ഭാഗത്ത് ഗുരുതരമായ പിഴവുണ്ടെന്ന് കമ്മീഷൻ അന്വേഷണ വിഭാഗം കണ്ടെത്തി. എസ് ഐ യുടെ ഭാഗത്ത് നിന്ന് കേവലം മാനുഷികമായ സമീപനമുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ വിപിൻരാജ് രക്ഷപ്പെടുമായിരുന്നുവെന്നും ഉത്തരവിൽ പറഞ്ഞു. എസ് ഐ യുടെ നടപടി മനുഷ്യത്വരഹിതവും പൊലീസുദ്ദ്യോഗസ്ഥരിൽ നിന്നും ഉണ്ടാവാൻ പാടില്ലാത്തതുമാണെന്നും കമ്മീഷൻ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. കൃത്യനിർവ്വഹണത്തിൽ എസ് ഐ. കുറ്റകരമായ വീഴ്ച വരുത്തിയതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മരിച്ച യുവാവിന്റെ അമ്മ പ്രസന്നകുമാരി സമർപ്പിച്ച പരാതിയിലാണ് നടപടി.
രാത്രി വൈകി ബാലുശ്ശേരി ടൗണിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ വിപിൻ രാജിന് ഒരു ഫോൺ കോൾ വന്നെന്നും സംസാരിച്ച് നടന്ന് നീങ്ങിയ വിപിൻ ഏറെ വൈകിയും തിരിച്ച് വരാതായപ്പോൾ പൊലീസിൽ അറിയിക്കുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴി. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കുഴിയിൽ വീണു കിടക്കുന്ന നിലയിൽ വിപിൻരാജിനെ കണ്ടെത്തിയത്. സ്വകാര്യ ചോക്ലേറ്റ് കമ്പനിയിൽ ജീവനക്കാരനായിരുന്നു മരിച്ച വിപിൻ രാജ്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.