കൊച്ചി: സിൽവർലൈൻ പദ്ധതിയിൽ ദക്ഷിണ റെയിൽവേയുടെ നിലപാട് നിരാശപ്പെടുത്തുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. ദക്ഷിണ റെയിൽവേ വിചാരിച്ചാൽ പദ്ധതി തടയാനാവില്ല. പദ്ധതി നടപ്പാക്കില്ലെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനകൾ ഇതോടൊപ്പം കൂട്ടിവായിക്കണം. കെ റെയിലിൽ കേന്ദ്രത്തിന് നിലപാടു തിരുത്തേണ്ടി വരുമെന്നും മന്ത്രി രാജേഷ് പറഞ്ഞു.

സിൽവർ ലൈൻ പദ്ധതിയെ എതിർത്ത് ദക്ഷിണ റെയിൽവേ റിപ്പോർട്ട് നൽകിയിരുന്നു. ഭാവി റെയിൽ വികസനത്തിന് തടസ്സം സൃഷ്ടിക്കും. സിൽവർ ലൈൻ റെയിൽവേയ്ക്കും സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും റെയിൽവേ ബോർഡിന് നൽകിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
റെയിൽവേ അധികൃതരുമായി കൂടിയാലോചന നടത്താതെയാണ് സിൽവർ ലൈൻ അലൈന്മെന്റ് നിശ്ചയിച്ചത്.

നിലവിലെ റെയിൽവേയുടെ നിർമ്മിതികൾ, ട്രെയിൻ സർവീസുകൾ എന്നിവയിൽ സിൽവർ ലൈൻ സൃഷ്ടിക്കുന്ന ആഘാതം പരിഗണിച്ചില്ല, റെയിൽവേയുടെ സമീപഭാവിയിലെ വികസന ആവശ്യങ്ങൾ കെ റെയിൽ അധികൃതർ പരിഗണിച്ചില്ല, തിരൂർ- കാസർകോട് ഭാഗത്ത് പല മാനദണ്ഡങ്ങളും പാലിക്കാതെയാണ് അലൈന്മെന്റ് നിശ്ചയിച്ചത്, ഡിപിഐ തയ്യാറാക്കുമ്പോൾ കൂടിയാലോചിച്ചില്ല തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സിൽവർ ലൈൻ സ്റ്റാൻഡേർഡ് ഗേജ് ആണ്. അതു നിലവിലെ ട്രാക്കുമായി സംയോജിപ്പിക്കാനാകില്ല. സിൽവർ ലൈൻ ട്രാക്കിന്റെ ഇരുവശത്തും ഭിത്തി ഡിപിആറിൽ പറയുന്നുണ്ട്. അങ്ങനെ ഭിത്തി നിർമ്മിക്കുന്നത് നിലവിലെ റെയിൽവേ സ്റ്റേഷനുകളുടെ സമീപത്ത് അനുവദിക്കാനാകില്ല എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.