- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാർജിങ് അഡാപ്റ്ററിലും കളിപ്പാട്ടങ്ങളിലും ലിപ്സ്റ്റിക്കിലും സ്വർണം; കാർട്ടൻ ബോക്സിൽ തകിട് രൂപത്തിലും സ്വർണം; കരിപ്പൂരിൽ മൂന്നു കേസുകളിലായി ഒരു കിലോ സ്വർണം പിടികൂടി
മലപ്പുറം: കരിപ്പൂർ വിമാനത്തവളത്തിൽ മൂന്നു കേസുകളിലായി ഒരു കിലോഗ്രാം സ്വർണം പിടികൂടി. കരിപ്പൂരിൽ ജനുവരി 28 നു വന്നിറങ്ങിയ മൂന്നു യാത്രക്കാരിൽ നിന്നായി കിലോഗ്രാം സ്വർണം പിടികൂടി. എയർ ഇന്ത്യ വിമാനത്തിൽ ദുബായിൽ നിന്നും വന്ന കാസർഗോഡ് സ്വദേശി അബ്ദു റഹിമാൻ (43) കൊണ്ടുവന്ന ചാർജിങ് അഡാപ്റ്റർ, കളിപ്പാട്ടങ്ങൾ, ലിപ്സ്റ്റിക്ക്, പീലേഴ്‌സ് എന്നിവ സംശയം തോന്നി കസ്റ്റംസ് പിടിച്ചു വച്ചു.
വിദഗ്ധ സഹായത്തോടെ ഇവ പരിശോധിക്കുകയും, ഉരുക്കി വേർതിരിച്ചെടുക്കുകയും ചെയ്തപ്പോഴാണ് വിപണിയിൽ 25.62 ലക്ഷം രൂപ വിലവരുന്ന 451 ഗ്രാം സ്വർണം കുറെ കഷണങ്ങളാക്കി അവയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നു ഫ്ലൈ ദുബായ് വിമാനത്തിൽ വന്ന കാസർഗോഡ് സ്വദേശികളായ ഗഫൂർ അഹമ്മദ് (39) അബ്ദുൽ റഹിമാൻ (53) എന്നീ രണ്ടു യാത്രക്കാരുടെ കൈവശം ഉണ്ടായിരുന്ന കാർട്ടൻ ബോക്സുകൾ സംശയം തോന്നി കസ്റ്റംസ് വിദഗ്ധ സഹായത്തോടെ പരിശോധന നടത്തി. അപ്പോഴാണ് അവയിൽ തകിടുകളുടെ രൂപത്തിൽ സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് . ഉരുക്കി വേർതിരിച്ചപ്പോൾ കിട്ടിയത് വിപണിയിൽ യഥാക്രമം 16.59 ലക്ഷം രൂപയും 19.54 ലക്ഷം രൂപയുംവിലവരുന്ന 292 ഗ്രാം, 344 ഗ്രാം തൂക്കം വരുന്ന സ്വർണമാണ്. ഈ മൂന്നു കേസുകളിലും വിശദമായ തുടരന്വേഷണം കസ്റ്റംസ് ആരംഭിച്ചു .
അതേ സമയം ഇന്നലെ കരിപ്പൂരിൽ വന്നിറങ്ങിയ കോഴിക്കോട്, കണ്ണൂർ സ്വദേശികളായ രണ്ടു യാത്രക്കാരിൽ നിന്നുമായി 95 ലക്ഷം രൂപ വിലമതിക്കുന്ന 1.783 കിലോഗ്രാം സ്വർണമിശ്രിതം കരിപ്പൂരിലെ എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു.. എയർ ഇന്ത്യ എക്സ് പ്രസ് വിമാനത്തിൽ ദുബായിൽ നിന്നും വന്ന കോഴിക്കോട് തലയാട് സ്വദേശിയായ പാറക്കൽ ഇർഷാദിൽ (31) നിന്നും 831 ഗ്രാം സ്വർണമിശ്രിതവും എയർ ഇന്ത്യ വിമാനത്തിൽ ഷാർജയിൽ നിന്നും വന്ന കോട്ടോളിൽ അബ്ദുൽ റഹിമാനിൽ (30 ) നിന്നും 952 ഗ്രാം സ്വർണമിശ്രിതവും ആണ് പിടികൂടിയത് . പിടികൂടിയ രണ്ടു യാത്രക്കാരും സ്വർണ്ണമിശ്രിതം അടങ്ങിയ മൂന്നു ക്യാപ്സുലുകൾ വീതം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുവച്ചാണ് കള്ളകടത്താൻ ശ്രമിച്ചത്. പിടികൂടിയ സ്വർണ്ണമിശ്രിതം വേർതിരിച്ചെടുത്തശേഷം ഈ കേസുകളിൽ മറ്റു തുടർനടപടികൾ സ്വീകരിക്കുമെന്നും എയർ കസ്റ്റംസ് അധികൃതർ പറഞ്ഞു. കള്ളക്കടത്തുസംഘം ഇർഷാദിന് 45000 രൂപയും അബ്ദുൽ റഹിമാന് 50000 രൂപയും ടിക്കറ്റുമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്