- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനാരായണ ഗുരുദേവനെ നിന്ദിച്ച് നവമാധ്യമങ്ങളിൽ പോസ്റ്ററുകളും അധിക്ഷേപിച്ച് സംസാരവും; പേരമംഗലത്ത് ഡോ.സുഭാഷ് തന്ത്രിയുടെ ക്ഷേത്രത്തിലേക്ക് എസ്എൻഡിപിയുടെ പ്രതിഷേധ മാർച്ചും ധർണയും
മൂവാറ്റുപുഴ: ശ്രീനാരായണ ഗുരുദേവനെ നിന്ദിച്ച് നവമാധ്യമങ്ങളിൽ പോസ്റ്ററുകൾ ഇട്ടെന്നും അധിക്ഷേപിച്ച് സംസാരിച്ചെന്നും ആരോപിച്ച് കലൂർ പേരമംഗലത്ത് ഡോ.സുഭാഷ് തന്ത്രി എന്ന പേരിൽ അറിയപ്പെടുന്ന ആൾ നടത്തിവരുന്ന ക്ഷേത്രത്തിലേക്ക് എസ് എൻ ഡി പി യുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.
മൂവാറ്റുപുഴ, തൊടുപുഴ, കൂത്താട്ടുകുളം, കോതമംഗലം എസ്.എൻ.ഡി.പി യൂണിയനുകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. കലൂർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് പേരമംഗലം സർവ്വീസ് സഹകരണ ബാങ്കിന് മുന്നിൽ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. തുടർന്ന് പ്രതിഷേധ ധർണ്ണ യോഗം കൗൺസിലർ എ.ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.
എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ. ഡി രമേശ് മുഖ്യ പ്രസംഗം നടത്തി. കോതമംഗലം യൂണിയൻ പ്രസിഡന്റ് അങ്കി നാരായണൻ, സെക്രട്ടറി പി.എ സോമൻ, മുവാറ്റുപുഴയ കന്നിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ , കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി ഗോപിനാഥ്, സെക്രട്ടറി സി .പി സത്യൻ, തൊടുപുഴ യൂണിയ കൺവീനർ സുകുമാരൻ, ബെന്നി ശാന്തി തുടങ്ങിയവർ പ്രസംഗിച്ചു.
സുഭാഷ് തന്ത്രി ലക്ഷക്കണക്കിന് വരുന്ന ഗുരുദേവ വിശ്വാസികളുടെ വികാരങ്ങളെയാണ് വ്രണപ്പെടുത്തിയിരിക്കുന്നതെന്നും ഇക്കാര്യം അയാളെ ബോദ്ധ്യപ്പെടുത്തി തിരുത്താൻ ശ്രമിച്ചപ്പോൾ ധിക്കാരവും സംസ്‌ക്കാരശൂന്യവുമായ ഭാഷയിലുള്ള മറുപടിയാണ് ലഭിച്ചതെന്നും എസ് എൻ ഡി പി യോഗം ഭാരവാഹികൾ പറഞ്ഞു.
മറുനാടന് മലയാളി ലേഖകന്.