- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'സിഎസ്ആര്‍ നിയമങ്ങളെക്കുറിച്ചു സന്നദ്ധ സംഘടനകള്‍ സാക്ഷരരാകണം'; ദക്ഷിണേന്ത്യയിലെ പ്രഥമ സോഷ്യല്‍ ഇന്നൊവേഷന് ഉച്ചകോടിക്ക് തുടക്കം
കൊച്ചി: കേരളത്തിലെ സന്നദ്ധ സംഘടനകള്‍ സാമൂഹിക ഉത്തരവാദിത്ത ഫണ്ടുകളുടെ (സി.എസ്.ആര്) രാജ്യത്തെ നിയമങ്ങളെക്കുറിച്ചും നയങ്ങളെക്കുറിച്ചും സാക്ഷരരാകേണ്ടത് അത്യാവശ്യമാണെന്നും സമൂഹത്തിലെ പ്രശ്നങ്ങളെക്കുറിച്ച് മനസിലാക്കി കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടുകള്‍ നേടിയെടുക്കുന്നതിനും പ്രയോജനപ്രദമായി വിനിയോഗിക്കുന്നതിനും ഈ അറിവ് ഉപകരിക്കുമെന്ന് പ്രമുഖ സിഎസ്ആര്‍ ഉപദേഷ്ടാവായ നിഖില്‍ പന്ത് അഭിപ്രായപ്പെട്ടു. ദക്ഷിണേന്ത്യയിലെ പ്രഥമ സോഷ്യല്‍ ഇന്നൊവേഷന് ഉച്ചകോടിയോടനുബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണല്‍ എന്‍ ജി ഓ കോണ്‍ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ഹൈഫിക്ക് കണ്‍സെല്‍ട്ടന്‍സിയുടെ (HiFiC) നേതൃത്വത്തിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയില്‍ സി എസ് ആര് ധനസമാഹരണം, സാമൂഹിക സ്റ്റാര്‍ട്ടപ്പുകള്‍ സമീപിക്കേണ്ട രീതികള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ വിദഗദ്ധര്‍ ക്ലാസുകള്‍ നയിക്കും
സാക്ഷരതയില്‍ ഒന്നാമത് നില്ക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍, സിഎസ്ആര്‍ ഫണ്ടുകള്‍ നേടിയെടുക്കുന്നതിനും മറ്റും നമ്മുടെ സന്നദ്ധ സംഘടനകളുടെ അറിവില്ലായ്മ ഈ മേഖലയിലെ പുരോഗതിക്ക് തടസ്സമായി നില്ക്കുന്നു. രാജ്യത്തെ വിവിധ കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ടുകളെക്കുറിച്ചു മനസിലാക്കുന്നതിനും അത് നമ്മുടെ സമൂഹത്തിലെ അര്‍ഹരായ ഗുണഭോക്താക്കളിലെത്തിക്കുന്നതിനു വേണ്ടി പ്രയോജനപ്രദങ്ങളായ പദ്ധതികള്‍ വിഭാവനം ചെയ്യുന്നതിലും ഈ അറിവ് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലെ സമൂഹത്തിലെ പല നല്ല മാറ്റങ്ങള്‍ക്ക് ചാലക ശക്തിയാകാന്‍ നമ്മുടെ സന്നദ്ധ സംഘടനകള്‍ക്ക് കഴിയുമെന്നും ഇതില്‍ യുവാക്കളുടെ പ്രേരണയും പങ്കാളിത്തവും സുപ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസം നീണ്ടു നില്ക്കുന്ന പ്രഥമ സോഷ്യല്‍ ഇന്നൊവേഷന് ഉച്ചകോടിയുടെ ഉത്ഘാടനം എറണാകുളം എം എല്‍ എ ടി ജെ വിനോദ് ലെ മെറിഡിയനില്‍ വെച്ച് നിര്‍വഹിച്ചു. നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ കോഓഡിനേറ്റര്‍ അനന്തു കൃഷ്ണന്,, എച്ച് പി സോണല്‍ ഹെഡ് സിനീഷ് ശ്രീധര്‍, പ്രൊഫസര്‍ ശിവന് അമ്പാട്ട് (എന്റര്‍പ്രണര്‍ഷിപ്പ് ഇന്‍സ്റ്റിറ്റ്യൂട്ട്, അഹമ്മദാബാദ്), ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ന്മാരായ ഡോ. ബീന സെബാസ്റ്റ്യന്‍, പ്രസാദ് വാസുദേവ്, ബേബി കിഴക്കേഭാഗം, ഷീബ സുരേഷ് തുടങ്ങിയര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സമൂഹത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നവീനമായ ആശയങ്ങള്‍ വിഭാവനം ചെയ്തു നടപ്പിലാക്കുന്നതിന് സന്നദ്ധ സംഘടനകളെ സംയോജിപ്പിച്ചു കൊണ്ട് അവര്‍ക്ക് വേണ്ടുന്ന ബോധവല്‍ക്കരണവും പരിശീലനവും നല്‍കുക എന്നതാണ് ഉച്ചകോടി ലക്ഷ്യമിടുന്നതെന്ന് നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ കോഓഡിനേറ്റര്‍ അനന്തു കൃഷ്ണന് പറഞ്ഞു.
സാമൂഹിക സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഉതകുന്ന നൂതനമായ സമീപനങ്ങള്‍, സാമൂഹിക സ്റ്റാര്‍ട്ടപ്പുകളെ ശാക്തീകരിക്കേണ്ട വിധം, സുസ്ഥിര സ്വാധീനത്തിനായുള്ള കോര്‍പ്പറേറ്റ്- എന്‍ ജി ഓ സഹകരണം, നോണ്‍-പ്രോഫിറ്റ് സംഘടനകള്‍ക്ക് ധനസമാഹരണത്തിനു വേണ്ടതായ പുതിയ ട്രെന്‍ഡുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിവിധ സെഷനുകള്‍ ഉച്ചകോടിയുടെ ആദ്യ ദിവസം നടന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംരംഭകത്വത്തിന് വേണ്ടുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്ന പ്രത്യേക സെഷനും സംഘടിപ്പിച്ചു.
ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുമായി 2000 ത്തോളം സന്നദ്ധപ്രവര്‍ത്തകരും സംഘടനകളും രണ്ടു ദിവസത്തെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
ചിത്രം: ദക്ഷിണേന്ത്യയിലെ പ്രഥമ സോഷ്യല്‍ ഇന്നൊവേഷന് ഉച്ചകോടി ടി ജെ വിനോദ് എം ല്‍ എ ഉത്ഘാടനം ചെയ്യുന്നു. നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ കോഓഡിനേറ്റര്‍ അനന്തു കൃഷ്ണന്,, എച്ച് പി സോണല്‍ ഹെഡ് സിനീഷ് ശ്രീധര്‍, പ്രൊഫസര്‍ ശിവന് അമ്പാട്ട് (എന്റര്‍പ്രണര്‍ഷിപ്പ് ഇന്‍സ്റ്റിറ്റ്യൂട്ട്, അഹമ്മദാബാദ്), ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ന്മാരായ ഡോ. ബീന സെബാസ്റ്റ്യന്‍, പ്രസാദ് വാസുദേവ്, ബേബി കിഴക്കേഭാഗം, ഷീബ സുരേഷ് തുടങ്ങിയവര്‍ സമീപം.