മലപ്പുറം: മലപ്പുറം തിരൂരിൽ മദ്രസയിൽ പോയി തിരിച്ചു വരികയായിരുന്ന രണ്ടു കുട്ടികൾക്കും രണ്ടു മുതിർന്നവർക്കും നേരെ തെരുവുനായയുടെ ആക്രമണം. കുരുടിശ്ശേരി ഹാരിസിന്റെ മകളും രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമായ യെസ്സി (7), പറശ്ശേരി മുഹമ്മദ് ഹുസൈന്റ മകൾ നാനിയ (13) എന്നിവർക്കാണ് രാവിലെ മദ്രസ വിട്ട് വരും വഴി തിരൂർ പുല്ലൂരിലെ എലിക്കാട്ടുപറമ്പ് അങ്ങാടിയിൽ വച്ച് തെരുവുനായയുടെ കടിയേറ്റത്.

,പ്രദേശ വാസിയായ കുന്നത്ത് പറമ്പിൽ കോയക്ക് (72) നേരെ വീട്ടിൽ നിന്നും അങ്ങാടിയിലേക്ക് പോകുന്ന വഴിയിൽ വച്ചാണ് രാവിലെ പതിനൊന്നോടെ ആക്രമണമുണ്ടായത്. റോഡിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന തിരൂർ ചെമ്പ്ര സ്വദേശി കല്ലിടുമ്പിൽ ജനാർദ്ദനൻ(63) നായ വരുന്നത് കണ്ട് ബൈക്ക് നിറുത്തിയെങ്കിലും കാലിൽ കടിയേറ്റു. പരിക്ക് പറ്റിയവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ ഒരു ആടിനെയും നായ കടിച്ചു.

കാലത്ത് എട്ടോടെയാണ് കുട്ടികളെ നായ ആക്രമിച്ചത്. ഏഴ് വയസുകാരി യെസ്സിക്ക് മുഖത്താണ് പരിക്കേറ്റത്. നാസിയ നായയെ കണ്ടപ്പോൾ ഓടിരക്ഷപ്പെടുന്നതിനിടെ നിലത്ത് വീണ് കാലിന്റെ എല്ല് പൊട്ടി. ഇതിനിടെ ഓടിയെത്തിയ നായ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച തിരൂരിനടുത്തുള്ള താനാളൂരിൽ വച്ച് പിഞ്ചുകുഞ്ഞിനെ നായ ആക്രമിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. തിരൂർ മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും നായകളുടെ വിളയാട്ടമാണ് . കൂട്ടംകൂടിയും ഒറ്റയ്ക്കും നായകളുടെ നിൽപ്പ് കണ്ടാൽ തന്നെ ഭയപ്പാടാണ് നാട്ടുകാർക്ക്.