കണ്ണൂർ: എരഞ്ഞോളി കൂടക്കളത്ത് തേങ്ങ പെറുക്കാൻ പോയ വൃദ്ധൻ ബോംബ് പൊട്ടിത്തെറിച്ച് മരിച്ച സംഭവത്തിൽ കെപിസിസി അധ്യക്ഷനും കണ്ണൂരിലെ നിയുക്ത എംപിയുമായ കെ സുധാകരന്റെ പ്രസ്താവന വിവാദമാകുന്നു. കണ്ണൂർ ഡി.സി.സി ഓഫീസിൽ മാധ്യമപ്രവർത്തകരോട് ഈക്കാര്യത്തിൽ പ്രതികരിക്കുകയായിരുന്നു കെ.സുധാകരൻ.

വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ എന്നാണ് കെ സുധാകരൻ വിഷയത്തിൽ പ്രതികരിച്ചത്. ബോംബ് ഇനിയും പൊട്ടാനുണ്ട് എന്നിട്ട് പറയാമെന്നും സുധാകരൻ വ്യക്തമാക്കി. എരഞ്ഞോളി കൂടക്കളത്ത് ആളൊഴിഞ്ഞ വീട്ടുപറമ്പിൽതേങ്ങപൊറുക്കാൻപോയ വയോധികനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്‌ച്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം എരഞ്ഞോളി കൂടക്കളം സ്വദേശി വേലായുധനാണ്(86) മരിച്ചത്. വീടിനോട് ചേർന്ന് ആൾതാമസമില്ലാത്ത വീട്ടിൽ തേങ്ങ പെറുക്കാൻ പോയതായിരുന്നു വേലായുധൻ. പറമ്പിൽ നിന്ന് കിട്ടിയ സ്റ്റീൽ വസ്തു വരാന്തയിലെ പടിയിൽ ഇടിച്ചു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വേലായുധനെ എരഞ്ഞോളി പഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെമ്പറും നാട്ടുകാരും ചേർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്താണ് സംഭവം നടന്ന വീട്. സി.പി. ഐ ബ്രാഞ്ച് സെക്രട്ടറിയുടെ പിതാവാണ് മരിച്ച വേലായുധൻ. സംഭവം രാഷ്ട്രീയ വിവാദമായതിനെ തുടർന്ന് ഷാഫിപറമ്പിൽ എംപി, കണ്ണൂർ ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചിരുന്നു.

വെടിമരുന്നുകളും സ്‌ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിർമ്മാണവും മറ്റും നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ് നിയമസഭയിൽ പറഞ്ഞിരുന്നു.സണ്ണി ജോസഫ് എംഎൽഎ നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.