കിളിമാനൂർ: വിഷം കഴിച്ച് പൊലീസ് സ്റ്റേഷനിൽ എത്തിയ യുവതിയെ പൊലീസുകാർ അടിയന്തരമായി ആശുപത്രിയിൽ എത്തിച്ചു. ഇരുചക്ര വാഹനത്തിലായിരുന്ന യുവതി വഴിയിൽ എവിടെയോ വച്ച് വിഷം കഴിച്ചു. കിളിമാനൂർ പൊലീസ് സ്റ്റേഷന് സമീപം എത്തിയപ്പോൾ തല കറക്കം ഉണ്ടായി. ഓടി സബ് ഇൻസ്‌പെക്ടറുടെ റൂമിലെത്തി വിഷം കഴിച്ചകാര്യം പറയുന്നതിനിടെ ബോധം കെട്ട് വീഴുകയായിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. വെള്ളറട സ്വദേശിനിയായ യുവതി അഞ്ചൽ സ്വദേശിയായ ആൺ സുഹൃത്തിനെ ഹോസ്പിറ്റലിൽ കണ്ട് മടങ്ങുമ്പോഴാണ് സംഭവം. ആൺ സുഹൃത്ത് ആത്മഹത്യാശ്രമം നടത്തിയാണ് ആശുപത്രിയിലായത്.ആൺസുഹൃത്ത് വിവാഹിതനായിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയും ആത്മഹത്യാ ശ്രമം നടത്തിയത്.

പൊലീസുകാർ ഉടൻ യുവതിയെ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ ബാഗിൽ നിന്ന് ശീതളപാനിയത്തിൽ കലർത്തിയ അര ലിറ്ററോളം വിഷം കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.