തിരുവനന്തപുരം: പെട്ടെന്നുണ്ടായ പ്രകോപനത്തിൽ യുവതി വർക്കല പാപനാശം ഹെലിപ്പാഡ് കുന്നിന് മുകളിൽ നിന്ന് താഴേക്ക് ചാടി. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. തമിഴ്‌നാട് തിരുനൽവേലി സ്വദേശിനി അമൃത (28) ആണ് കടലിലേക്ക് ചാടിയത്.
അമൃതയുടെ ആൺ സുഹൃത്ത് ബസന്ത് ഉൾപ്പടെ മൂന്ന് യുവാക്കളോടൊപ്പം കാറിലാണ് യുവതി എത്തിയത്. ഇവർക്കൊപ്പം ഐസ്‌ക്രീം കഴിച്ചു കൊണ്ട് നിൽക്കവേ യുവതി പെട്ടെന്ന് പ്രകോപിതയാവുകയും ഓടി താഴേക്ക് ചാടുകയുമായിരുന്നു.

ഹെലിപ്പാഡിന് അടുത്തുള്ള ടൂറിസം പൊലീസിന്റെ എയ്ഡ് പോസ്റ്റിന് സമീപത്ത് നിന്നാണ് യുവതി താഴേക്ക് ചാടിയത്. ഏകദേശം 30 അടി താഴ്ചയിലേക്കാണ് യുവതി വീണത്. കടലിലേക്ക് ചാടിയ യുവതിയെ രക്ഷിക്കാൻ ഉടൻ തന്നെ ശ്രമം നടത്തുകയായിരുന്നു. നാട്ടുകാരും ലൈഫ് ഗാർഡുകളും ടൂറിസം പൊലീസും ചേർന്ന് യുവതിയെ ഗുരുതര പരിക്കുകളോടെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്നും തുടർ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു. തലയ്ക്ക് സാരമായ പരിക്കേറ്റ യുവതി അബോധവസ്ഥയിലാണ്. ഇരുകൈകൾക്കും ഒടിവ് സംഭവിച്ചിട്ടുണ്ട്. അതേസമയം, യുവതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ല.

കൂടെയുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നുപേരും മദ്യലഹരിയിലാണെന്ന് പൊലീസ് പറഞ്ഞു.