മലപ്പുറം: മലപ്പുറത്ത് രണ്ടിടങ്ങളിലായി 20കാരനായ ഇന്റർലോക് തൊഴിലാളിയും, വാടക വീട്ടിൽ കഴിയുന്ന 36കാരനും, വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ. ഇരുപതുകാരനെ വീടിനകത്താണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എടക്കര താഴെഇല്ലിക്കാട് കാരക്കോട്മുക്കം ചന്ദ്രന്റെ മകൻ ശ്രീജിൻ ആണ് മരിച്ചത്. വൈകീട്ട് അഞ്ചു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ എടക്കര ഏറനാട് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്റർലോക് തൊഴിലാളിയാണ്. മാതാവ് : ശ്രീദേവി. സഹോദരങ്ങൾ: ശ്രീജിത്ത്. ശ്രീലേഖ.

എടക്കര എസ്‌ഐ കെ അബൂബക്കർ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി ഏരഞ്ഞിമങ്ങാട് പണപ്പൊയിൽ കുടുംബ ശ്മശാനത്തിൽ സംസ്‌കരിച്ചു.

36കാരനും വീടിനകത്താണ് തൂങ്ങി മരിച്ചത്. പൂക്കോട്ടൂർ വെള്ളൂർ ചെറുക്കാപറമ്പിൽ സുബ്രഹ്മണ്യന്റെ മകൻ അനൂപ് (36) ആണ് മരിച്ചത്. പുല്ലാനൂരിൽ വാടക ക്വാർട്ടേഴ്‌സിലാണ് സംഭവം. തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഭാര്യ രാത്രി പതിനൊന്നരയോടെ ഉണർന്നപ്പോഴാണ് അനൂപിനെ തൂങ്ങിയ നിലയിൽ കണ്ടത്.

ഉടൻ അയൽവാസികളും ബന്ധുക്കളുമെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എസ്‌ഐ പി കെ ഖമറുസ്സമാൻ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളെജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. മാതാവ് : പ്രമീള. ഭാര്യ : പ്രജിത. സഹോദരൻ : ബിനൂപ്.