തൃശൂർ: കരുവന്നൂർ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവഡോക്ടർ മരിച്ചതിന് പിന്നാലെ വീണ്ടും ആത്മഹത്യ. കരുവന്നൂർ പുഴയിലേക്ക് ചാടിയ ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശിനി ഷീബ ജോയി (50) ആണ് മരിച്ചത്. പാലത്തിലൂടെ നടന്നുവന്ന സ്ത്രീ പുഴയിലേക്ക് ചാടുന്നത് അതുവഴി വന്ന സ്‌കൂട്ടർ യാത്രക്കാരനാണു കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി.

ഇവർ ജീവനൊടുക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. മൃതദേഹം ജനറൽ ആശുപത്രിയിലേക്കു മാറ്റി. രാവിലെ 11.30ഓടെയാണ് സംഭവം. ചാടുന്നതിനു മുൻപ് ഷാളും ബാഗും ഫോണും ചെരിപ്പും പാലത്തിന്റെ കൈവരിയോടു ചേർന്ന് മാറ്റിവച്ചിരുന്നു. ബാഗിൽ നിന്നും കിട്ടിയ മരുന്നിന്റെ കുറിപ്പടിയിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.

കൈവരിയിൽ കയറിനിന്ന് കരുവന്നൂർ പുഴയിലേക്കു ചാടുകയായിരുന്നു. ഇതു കണ്ട ബൈക്ക് യാത്രികൻ നൽകിയ വിവരം അനുസരിച്ച് നാട്ടുകാർ ഉടനെ തിരച്ചിലിന് ഇറങ്ങി. പിന്നീട് സ്‌കൂബ ഡൈവർമാരും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. വൈകിട്ടോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് ഷീബയുടെ ഭർത്താവും സ്ഥലത്ത് എത്തി. ഭർത്താവിനും മക്കൾക്കുമൊപ്പം അവിട്ടത്തൂരിലാണു ഷീബ താമസിച്ചിരുന്നത്.

രണ്ടു മാസത്തിനിടെ മൂന്നാം തവണയാണ് കരുവന്നൂർ പാലത്തിൽനിന്ന് ജീവനൊടുക്കാനായി പുഴയിലേക്കു ചാടുന്ന സംഭവം ഉണ്ടാകുന്നത്. മുൻപു ചാടിയ രണ്ടു പേരും മരിച്ചിരുന്നു.

ഈ മാസം രണ്ടിന് കരുവന്നൂർ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവ ആയുർവേദ ഡോക്ടർ മരിച്ചിരുന്നു. തൃശ്ശൂർ അശ്വനി ആശുപത്രിക്ക് സമീപം സ്വകാര്യ ഫ്‌ളാറ്റിൽ താമസിക്കുന്ന കരോട്ട് വീട്ടിൽ വർഗ്ഗീസിന്റെ മകൾ ഡോ. ട്രേസി വർഗ്ഗീസ് (26) ആണ് മരിച്ചത്. ചെറിയപാലം ഭാഗത്തുനിന്ന് നടന്നുവന്ന യുവതി, വലിയപാലത്തിന്റെ നടുവിലെത്തി ചെരിപ്പൂരിയിട്ടശേഷം കൈവരിയുടെ മുകളിലൂടെ പുഴയിലേയ്ക്ക് ചാടുകയായിരുന്നു. രണ്ടുമാസത്തിനിടെ മൂന്നാമത്തെ സംഭവമാണിത്.