കൊച്ചി: മഹാരാജാസിലെ കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷത്തെ തുടർന്ന് തോപ്പുംപടിയിൽ ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. തോപ്പുംപടി ഹാർബർ പാലത്തിനു മുകളിൽ കയറിയായിരുന്ന യുവാവിന്റെ ആത്മഹത്യാ ഭീഷണി.ഫോർട്ട്‌കൊച്ചി സ്വദേശി കമാലാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.മഹാരാജാസ് കോളജിൽ ഇന്നലെയുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സഹോദരന്മാരെ കാണാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു യുവാവിന്റെ പരാക്രമം.

ആത്മഹത്യാ ഭീഷണിയെ തുടർന്ന് ഒന്നര മണിക്കൂർ ഹാർബർ പാലത്തിലൂടെയുള്ള വാഹന ഗതാഗതം തടസപ്പെട്ടു.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയാണ് ഗതാഗത തടസ്സമുൾപ്പടെയുള്ള സ്ഥിതിഗതികൾ നിയന്ത്രിച്ചത്. എറണാകുളം സിറ്റി ഡപ്യൂട്ടി കമ്മിഷണർ സ്ഥലത്തെത്തിയാണ് അനുനയിപ്പിച്ച ശേഷമാണ് കമാൽ താഴെയിറങ്ങാൻ കൂട്ടാക്കിയത്.

കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷത്തെ തുടർന്ന് മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയായ കമാലിന്റെ സഹോദരൻ മാലിക്,മറ്റൊരു യുവാവ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.അതേസമയം കോളജിലെ വിദ്യാർത്ഥി അല്ലാത്തയാളാണു മഹാരാജാസ് സംഭവത്തിൽ പൊലീസ് പിടിയിലായ ഒരാൾ എന്നാണ് വിവരം.ഇന്നലെയാണ് കളമശേരിയിൽ എസ്എഫ്‌ഐ കെഎസ്‌യു വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായത്.ഏറ്റുമുട്ടലിൽ ഇരുവിഭാഗങ്ങളിലുമായി 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇവർ കൊച്ചിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.