- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സബ്സിഡി സാധനങ്ങൾ ഇല്ല; സപ്ലൈകോ ക്രിസ്മസ് ചന്ത ഉദ്ഘാടനം ചെയ്യാതെ മേയറും എംഎൽഎയും മടങ്ങി
തൃശൂർ: തൃശൂരിലെ സപ്ലൈക്കോയിൽ സബ്സിഡി സാധനങ്ങളില്ലാത്തതിനെ തുടർന്ന് ക്രിസ്മസ് - ന്യൂ ഇയർ ചന്ത ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി മേയറും എംഎൽഎയും മടങ്ങി. ഉദ്ഘാടകനായ മേയർ എംകെ വർഗീസും എംഎൽഎ പി ബാലചന്ദ്രനുമാണ് ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് സ്ഥലത്ത് നിന്ന് മടങ്ങിയത്. ഇന്ന് രാവിലെയാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്.
തിരുവനന്തപുരം. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ക്രിസ്മസ് ന്യൂഇയർ ഫെയറുകൾ സംഘടിപ്പിക്കുന്നത്. പതിമൂന്ന് സാധനങ്ങൾ സബ്സിഡിയിയായി നൽകുമെന്നായിരുന്നു സപ്ലൈക്കോ അറിയിച്ചിരുന്നത്. അതിന് പുറമെ നോൺ സബ്സിഡി സാധനങ്ങൾ അഞ്ച് ശതമാനം മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകുമെന്നും അറിയിച്ചിരുന്നു.
രാവിലെ മുതൽ സാധനങ്ങൾ വാങ്ങാനായി നിരവധി പേർ എത്തിയിരുന്നു. എന്നാൽ സബ്സിഡി സാധനങ്ങൾ ഇല്ലാത്ത കാര്യം നാട്ടുകാർ ജനപ്രതിനിധികളെ അറിയിച്ചു. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് ഉദ്ഘാടനചടങ്ങ് ഒഴിവാക്കുകയാണെന്ന് മേയറും എംഎൽഎയും അറിയിക്കുകയായിരുന്നു.
സബ്സിഡി സാധനങ്ങളായി ചെറുപയറും വെളിച്ചെണ്ണയും മാത്രമാണ് ഉള്ളതെന്ന് നാട്ടുകാർ പറഞ്ഞു. ഇവരോട് ചോദിക്കുമ്പോൾ മറ്റുള്ള സാധനങ്ങൾ രണ്ട് ദിവസം കഴിഞ്ഞിട്ട് എത്തുമെന്നാണ് പറയുന്നത്. ക്രിസ്മസ് കഴിഞ്ഞിട്ട് ഇത് കിട്ടിയാൽ ക്രിസ്മസ് ആഘോഷിക്കാൻ കഴിയുമോയെന്നും നാട്ടുകാർ ചോദിക്കുന്നു.
ഈ വർഷത്തെ ഫെയറുകൾ ഡിസംബർ 21 മുതൽ മുപ്പത് വരെയയായിരിക്കും നടക്കുക. രാവിലെ പത്തുമണി മുതൽ രാത്രി എട്ടുമണിവരെയാണ് ഫെയറുകൾ പ്രവർത്തിക്കുക. ഡിസംബർ 25ന് ഫെയർ അവധിയായിരിക്കും.




