ന്യൂഡൽഹി: സുപ്രീംകോടതി പരിസരത്ത് ഭിന്നശേഷിയുള്ളവർ നടത്തുന്ന പുതിയ കഫേ പ്രവർത്തനം ആരംഭിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കഫേയുടെ ഉദ്ഘാടനം നടത്തി. കാഴ്ച വൈകല്യം, സെലിബ്രൽ പാൾസി, പക്ഷാഘാതം എന്നീ അവസ്ഥകളുള്ളവരാണ് കഫേയുടെ നടത്തിപ്പുകാർ. ഉദ്ഘാടന ചടങ്ങിൽ ദേശീയ ഗാനം ആംഗ്യഭാഷയിലാണ് ആലപിച്ചത്. ഭിന്നശേഷിക്കാർ അവതരിപ്പിച്ച ചെറിയ സാംസ്‌കാരിക ചടങ്ങും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.

എല്ലാവരും കഫേ സന്ദർശിച്ച് പുതിയ സംരംഭത്തെ പിന്തുണയ്ക്കണമെന്ന് ചീഫ് ജസ്റ്റിസ് ഉദ്ഘാടന വേളയിൽ വ്യക്തമാക്കി. ഭിന്നശേഷിക്കാർക്കൊപ്പം പ്രവർത്തിക്കുന്ന ഒരു എൻജിഒയാണ് കഫേ മൊത്തമായും ഏറ്റെടുത്ത് നടത്തുന്നത്. ലാഭേച്ഛ ലക്ഷ്യം വെക്കാത്ത സ്ഥാപനം ഭിന്നശേഷിക്കാർക്ക് തൊഴിലവസരങ്ങൾ നൽകുന്നു.

ബംഗളൂരു വിമാനത്താവളത്തിലും വിവിധ എംഎൻസികളുടെ ഓഫീസുകളിലും ഉൾപ്പെടെ 35 കഫേകൾ ഇന്ത്യയിലുടനീളം ഇതിനകം പ്രവർത്തിക്കുന്നുണ്ട്. 2017 ൽ എൻജിഒ പ്രവർത്തനം ആരംഭിക്കുകയും ഭിന്നശേഷിയുള്ളവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.