തൃശ്ശൂർ: കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രിയായി ചുമതലയേറ്റശേഷം സ്വന്തം മണ്ഡലമായ തൃശ്ശൂരിലെത്തിയ സുരേഷ് ഗോപിക്ക് ആവേശോജ്ജ്വല സ്വീകരണം. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ അദ്ദേഹത്തെ പൂക്കൾ വിതറിയും താമരമാലയണിയിച്ചും കതിർക്കുല സമ്മാനമായി നൽകിയുമാണ് പ്രവർത്തകർ വരവേറ്റത്.

മുൻകൂട്ടി അറിയിച്ചതിൽനിന്ന് വ്യത്യസ്തമായി ഇന്റർസിറ്റി എക്സ്‌പ്രസിലാണ് അദ്ദേഹം എത്തിയത്. ഒന്നാംനമ്പർ പ്ലാറ്റ്ഫോമിൽ തിങ്ങിനിറഞ്ഞ പ്രവർത്തകരുടെ മുദ്രാവാക്യംവിളിയിലേക്കാണ് ജനനായകൻ വന്നിറങ്ങിയത്. ചെണ്ടമേളവും പുഷ്പവൃഷ്ടിയുമൊക്കെയായി ആവേശപ്പൂരമായിരുന്നു സ്റ്റേഷനിൽ. പാർട്ടി പതാകകളും സുരേഷ് ഗോപിയുടെ വലിയ ചിത്രങ്ങളുള്ള പോസ്റ്ററുകളും ഉയർത്തിയായിരുന്നു അണികളുടെ സന്തോഷപ്രകടനം. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽനിന്ന് പ്രവർത്തകർ എത്തിയിരുന്നു. ചെറുപ്പക്കാരുടെയും സ്ത്രീകളുടെയും സാന്നിധ്യവും പ്രകടമായി.

ആറു മിനിറ്റോളം വൈകിയാണ് ട്രെയിനെത്തിയത്. സ്റ്റേഷൻ കവാടം മുതൽതന്നെ പ്രവർത്തകരും നാട്ടുകാരും നേതാവിനെ കാണാനും ആളുകൾ തിങ്ങിക്കൂടി. തീവണ്ടിയിറങ്ങിയ കേന്ദ്രമന്ത്രി കുറച്ചുനേരം അണികളുടെ ആവേശത്തിന് വശംവദനായി നിന്നുകൊടുത്തു. സ്വീകരണത്തിനുശേഷം മാധ്യമപ്രവർത്തകരുമായി ചെറിയ ഒരു സംവാദവും നടന്നു. തുടർന്ന് ശീഘ്രഗതിയിൽ സ്റ്റേഷൻ കവാടത്തിലേക്ക് സുരക്ഷാഭടന്മാർക്കിടയിലൂടെ മന്ത്രി നടന്നുനീങ്ങി. ജയ്വിളികളുമായ പുരുഷാരം പിന്നാലെയും.

സ്റ്റേഷനിൽനിന്ന് നേരെ മാർ അപ്രേമിന്റെ 84-ാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനായി അരമനയിലേക്ക് തിരിച്ചു. ബിജെപി. ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്‌കുമാർ, നേതാക്കളായ വി. ഉണ്ണികൃഷ്ണൻ, എ. നാഗേഷ്, ബി. ഗോപാലകൃഷ്ണൻ, കെ.ആർ. ഹരി, എം. സമ്പൂർണ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.