മലപ്പുറം: പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ ഖുർആൻ ഹിഫ്ള് പൂർത്തീകരിച്ചവരുടെ കൂട്ടത്തിൽ സയ്യിദ് അലി ദിൽദാർ ശിഹാബ് തങ്ങളും. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ- സയ്യിദ ശമീമ എന്നിവരുടെ മകൻ സയ്യിദ് അലി ദിൽദാർ ശിഹാബ് തങ്ങൾ വിശുദ്ധ ഖുർആൻ മന:പാഠമാക്കി. പാണക്കാട് സ്ട്രൈറ്റ്പാത്ത് സ്‌കൂൾ ഓഫ് ഖുർആനിലാണ് തങ്ങൾ പഠനം നടത്തിയത്. മൂന്നു വർഷംകൊണ്ടാണ്ട് ഹിഫ്ള് പൂർത്തീകരിച്ചത്.

പതിനഞ്ചുകാരനായ ദിൽദാർ അലി ശിഹാബ് തങ്ങൾ നിലവിൽ സ്ട്രൈറ്റ് പാത്ത് സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. പാണക്കാട് കുടുംബത്തിൽനിന്ന് നേരത്തെ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ മക്കളായ റാജിഹ് അലി ശിഹാബ് തങ്ങൾ, സിദ്ഖ് അലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങളുടെ മകൻ മുഹമ്മദലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങളുടെ മകൻ മിയാസലി ശിഹാബ് തങ്ങൾ തുടങ്ങിയവരും ഹിഫ്ള് പൂർത്തീകരിച്ചിട്ടുണ്ട്. ഒരു പിതാവെന്ന നിലയിൽ ജീവിതത്തിൽ ഏറെ സന്തോഷം പകരുന്നൊരു വാർത്തയാണെന്നും. പ്രിയപ്പെട്ട മകനെ ഓർത്ത് താൻ അഭിമാനിക്കുന്നുവെന്നും ഈ മഹത്തായ നേട്ടത്തിൽ എന്റെ സന്തോഷവും അഭിമാനവും വിവരണാതീതമാണെന്നും ബഷീറലി ശിഹാബ് തങ്ങൾ പറഞ്ഞു.

മകനെ സംബന്ധിച്ചിടത്തോളം ദൈർഘ്യമേറിയതും വെല്ലുവിളി നിറഞ്ഞതുമായ ഒരു യാത്രയായിരുന്നു അത്. പക്ഷേ അല്ലാഹുവിന്റെ കൃപയും മകന്റെ കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് വിശുദ്ധ ഗ്രന്ഥം മനഃപാഠമാക്കുന്നതിൽ അവൻ വിജയിച്ചു. ഈ മഹത്തായ നേട്ടം കൈവരിക്കാൻ മകനെ സഹായിച്ച പ്രിയപ്പെട്ട അദ്ധ്യാപകരോടും ഈ പ്രയാണത്തിൽ നിരന്തരം മകനെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവരോടും തങ്ങൾ നന്ദി രേഖപ്പെടുത്തി.