കോഴിക്കോട്: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളപ്രതിസന്ധി നീതീകരിക്കാനാകില്ലെന്ന് മുന്മന്ത്രിയും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ടി പി രാമകൃഷ്ണൻ. സെപ്റ്റംബർ മാസത്തെ ശമ്പളം അടുത്ത ആഴ്ച മാത്രമേ ലഭിക്കൂ. സംസ്ഥാന സർക്കാരിന്റെ ഇടപെടൽ കൊണ്ടുമാത്രമാണ് ഇപ്പോൾ തൊഴിലാളിക്ക് ശമ്പളം ലഭിക്കുന്നത്. വിഷയത്തിൽ മുഖ്യമന്ത്രിയെ നേരിൽ കാണുമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

''സെപ്റ്റംബർ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. അടിയന്തര ഇടപെടൽ നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ ഇപ്പോൾ ഇരുപതു കോടി രൂപ അനുവദിച്ചിട്ടുണ്ട്. അത് പണമായി 30ാം തീയതിയെ ലഭിക്കൂ. കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷനും ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്. അതിലും എത്രയും പെട്ടെന്ന് പരിഹാരം കാണണം. പ്രശ്‌നം മുഖ്യമന്ത്രി, ധനമന്ത്രി, ഗതാഗത മന്ത്രി എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.'' ടി.പി. രാമകൃഷ്ണൻ പറഞ്ഞു.