- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജി കൊല്ലപ്പെട്ടതിൽ ഒന്നാം പ്രതി വനംവകുപ്പും വനംമന്ത്രിയും; മുഖ്യമന്ത്രി നേരിട്ട് ഇടപെടണം; വയനാട്ടിലെ സാമൂഹിക ജീവിതത്തെ മുഴുവൻ തകർത്ത് വന്യജീവി ആക്രമണം വർദ്ധിക്കുന്നെന്ന് ടി സിദ്ദിഖ്
കൽപ്പറ്റ: വയനാട് പടമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാറിനെതിരെ കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്. വയനാട്ടിലെ സാമൂഹിക ജീവിതത്തെ മുഴുവൻ തകർത്ത് വന്യജീവി ആക്രമണം വർദ്ധിക്കുകയാണെന്ന് ടി സിദ്ദിഖ് പറഞ്ഞു. റേഡിയോ കോളർ ഘടിപ്പിച്ച ആന ജനവാസ മേഖലയിൽ എത്തിയത് ഗുരുതര വീഴ്ചയാണെന്നും ഒന്നാം പ്രതി വനംവകുപ്പും വനംമന്ത്രിയുമാണെന്നും എംഎൽഎ പറഞ്ഞു.
വീടിനകത്തേക്ക്, ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ കടന്നുവരുന്നത് വയനാട്ടിൽ ഒരു സ്ഥിരം സംഭവമായി മാറിയിരിക്കുന്നു. മനുഷ്യന്റെ ജീവൻ അപഹരിക്കുന്നത് സ്ഥിരം സംഭവമായി മാറുകയും അത് പൊതുവത്കരിക്കുകയും ചെയ്യുന്നത് വിഷമകരമാണ്. മേപ്പാടി പഞ്ചായത്തിൽ കുഞ്ഞവറാൻ എന്ന ആൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ ഞാൻ നേരിട്ട് ഇടപെട്ടിട്ടും പോസ്റ്റ്മോർട്ടം നടത്താനായി മൃതദേഹം എടുക്കാൻ രണ്ട് മണിക്കൂർ വേണ്ടി വന്നു. പ്രജീഷ് എന്ന കർഷകൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് അതിദാരുണമായാണ്.
വയനാടിന്റെ ചുമതലയുള്ള ഒരു വനംമന്ത്രിയുണ്ട്. അദ്ദേഹം തിരിഞ്ഞ് നോക്കിയിട്ടില്ല. വനം മന്ത്രി പ്രജീഷിന്റെ വീട്ടിൽ പോയിട്ടില്ല. വന്യമൃഗ ആക്രമണം തടയുന്നതിന് സർക്കാർ ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കുന്നില്ല. വന്യമൃഗങ്ങൾക്ക് മുന്നിലേക്ക് വയനാട്ടിലെ പാവപ്പെട്ട ജനതയെ ഇട്ടുകൊടുക്കുകയാണ്. വളരെ ഗുരുതരമായ സാഹചര്യത്തിലൂടെ വയനാട് കടന്നുപോകുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്ന് ഫണ്ട് വകയിരുത്തി ഇത് ക്രമീകരിക്കുന്ന നടപടികളാണ് വേണ്ടതെന്നും എംഎൽഎ പറഞ്ഞു.
പടമല മുട്ടങ്കര സ്വദേശി പനച്ചിക്കൽ അജിയാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കർണാടകയിൽ നിന്ന് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിൽ തുറന്നു വിട്ട കാട്ടാനയാണ് അജിയെ ആക്രമിച്ചത്. ചാലിഗദ്ധ ആദിവാസി കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണമുണ്ടായത്. മതിൽ തകർത്ത് വീട്ടിലേക്ക് കയറിവന്ന ആന അജിയെ ഓടിച്ചിട്ട് ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.