- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ട 15 പേരുടെ ആശ്രിതർക്ക് 1.5 കോടിയുടെ നഷ്ടപരിഹാര തുക വിതരണം ചെയ്തു; ഇനി നൽകാനുള്ളത് ഏഴുപേരുടെ കുടുംബങ്ങൾക്ക്
മലപ്പുറം: 22പേരുടെ മരണത്തിനിടയാക്കിയ താനൂർ തൂവൽതീരത്തെ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് 1.5 കോടിയുടെ നഷ്ടപരിഹാര തുക സംസ്ഥാന സർക്കാർ വിതരണം ചെയ്തു. സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി വി. അബ്ദുറഹിമാൻ തുക കൈമാറി.
ഇന്നു തിരൂർ താലൂക്ക്തല 'കരുതലും കൈത്താങ്ങും' അദാലത്തിലാണ് തുക വിതരണം ചെയ്തത്. ബോട്ടപകടത്തിൽ മരണപ്പെട്ട 15 പേരുടെ ആശ്രിതർക്കാണ് ആദ്യഘട്ടത്തിൽ നഷ്ടപരിഹാര തുക കൈമാറിയത്.
ബോട്ടപകടത്തിൽ ഭാര്യ സീനത്ത്, മക്കളായ ഫിദ ദിൽന, ഷഫ്‌ള, ഷംന, അസ്‌ന എന്നിവരെ നഷ്ടമായ പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ ആവിൽ ബീച്ചിലെ കുന്നുമ്മൽ സൈതലവിക്ക് 50 ലക്ഷം രൂപയും സൈതലവിയുടെ സഹോദരനായ കുന്നുമ്മൽ സിറാജിന് 40 ലക്ഷം രൂപയും കൈമാറി. അപകടത്തിൽ സിറാജിന്റെ ഭാര്യ റസീന, മക്കളായ നൈറ ഫാത്തിമ, റുസ്‌ന ഫാത്തിമ, സഹറ എന്നിവരാണ് മരണപ്പെട്ടത്. ഭാര്യ ജൽസിയ മകൻ ജരീർ എന്നിവരെ നഷ്ടമായ കുന്നുമ്മൽ മുഹമ്മദ് ജാബിറും മന്ത്രിയിൽ നിന്ന് തുക ഏറ്റുവാങ്ങി.
അപകടത്തിൽ മരണപ്പെട്ട താനൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പരപ്പനങ്ങാടി ചിറമംഗലം സ്വദേശി സബറുദ്ധീന്റെ സഹോദരൻ ഷിബുലുദ്ധീനാണ് തുക ഏറ്റുവാങ്ങിയത്. ആശ്രിതയായ ഭാര്യ മുനീറയുടെ അഭാവത്തിലാണ് ഭർത്താവിന്റെ സഹോദരന് തുക കൈമാറിയത്. അപകടത്തിൽ മരണപ്പെട്ട പരിയാപുരം കാട്ടിൽ പീടിയേക്കൽ സിദ്ധീഖ്, മക്കളായ ഫാത്തിമ മിൻഹ, മുഹമ്മദ് ഫൈസാൻ എന്നിവർക്കുള്ള നഷ്ടപരിഹാര തുക സഹോദരി സൽമയാണ് മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങിയത്.
മരണപ്പെട്ട ഓരോ ആളുകളുടെയും കുടുംബത്തിന് 10 ലക്ഷം രൂപ വീതവും ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കുമെന്ന് താനൂരിൽ ദുരന്ത മേഖലയിൽ സന്ദർശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗത്തിനു ശേഷം പ്രഖ്യാപിച്ചിരുന്നു.
കൂടുംബത്തിലെ 12പേരുടെ വിറങ്ങലിച്ച മൃതദേഹം കണ്ട് മരവിച്ചിരിക്കുകയായിരുന്ന പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ ആവിൽ ബീച്ചിലെ സെയ്്തലവിയും, ജാബിറും. ഇരുവരും ഇല്ലാതെ മാതാവിന്റെ നേതൃത്വത്തിലാണ് ബന്ധുക്കൾ തൂവൽതീരത്ത് പോയിരുന്നത്. അപകടത്തിൽനിന്നു രക്ഷപ്പെട്ട ഏകമകളായ മത്തുമാസം പ്രായമുള്ള കൂട്ടത്തിൽനിന്ന് രക്ഷപ്പെട്ട പത്തുമാസം പ്രായമായ ജിഫ്‌റയോടൊപ്പമാണിപ്പോൾ പിതാവ് ജാബിർ കഴിയുന്നത്.
താനൂർ ബോട്ടപകടത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ.കക്ഷി ചേർന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് നിറുത്തി വെപ്പിച്ച ബോട്ട് സർവീസ് പുനരാരംഭിക്കുവാൻ കൂട്ടു നിന്ന ഉന്നതൻ ആരാണ് എന്നും, നഗരസഭാ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അപകട സൂചന നൽകിയിട്ടും മുഖവിലക്കെടുക്കാത്ത അധികാരികളുടെ പങ്കും, മത്സ്യ ബന്ധന ബോട്ട് തരം മാറ്റി സർവീസ് നടത്തുന്നതിന് അനുമതി കൊടുത്ത തുറമുഖ, ടുറിസം വകുപ്പുകളുടെ പങ്കും അന്വേഷണ വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു. കമ്മീഷന് മുൻപിൽ സംസ്ഥാന വൈസ് പ്രസിഡന്റ് മനാഫ് താനൂർ, അബ്ദുറഹീം പൂക്കത്ത്, നിയാസ് അഞ്ചപ്പുര, അബ്ദുൽ മജീദ് മുല്ലഞ്ചേരി എന്നിവർ ഹാജരായി.
അപകടത്തെ തുടർന്ന് ഉണ്ടായി കൊണ്ടിരിക്കുന്ന ആരോപണങ്ങൾക്ക് അറുതി വരുത്താൻ താനൂർ ഡിവൈ.എസ്‌പി: വി.വി ബെന്നിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സർവകക്ഷി സമാധാനയോഗം ചേർന്നിരുന്നു. യോഗത്തിൽ താനൂർ നഗരസഭ ചെയർമാൻ പി.പി.ഷംസുദ്ധീൻ , എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാർ പങ്കെടുത്തു. ബോട്ടപകടത്തിൽ രക്ഷപ്രവർത്തനം നടത്തിയ പൊതുജനങ്ങളെയും പൊലീസ് ഫയർ ഫോഴ്സ് തുടങ്ങി എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി. ബോട്ടപകടം സംബന്ധിച്ച് വിവിധ പാർട്ടികൾ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങൾ തികച്ചും സമാധാനപരവും വ്യക്തിഹത്യ നടത്താത്തതുമായിരിക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് നിർദ്ദേശം നൽകി ,സോഷ്യൽ മീഡിയ വഴി അപകടത്തെ സംബന്ധിച്ച് പ്രതിഷേധാർഹമായ വസ്തുതകൾ പ്രചരിപ്പിക്കുന്നത് തടയുന്നതിനായി അണികൾക്ക് നിർദ്ദേശം നൽകുന്നതിനു പാർട്ടി നേതാക്കന്മാർക്ക് നിർദ്ദേശം നൽകി ,അപകടത്തിൽ പരിക്ക് പറ്റിയ ആളുകൾക്കും രക്ഷ പ്രവർത്തനത്തിൽ പരിക്ക് പറ്റിയ ആളുകൾക്കും ചികിത്സ ചെലവ് ലഭിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ പരാമർശം ഉണ്ടായി , താനൂർ എസ്.എച്ച്. ഒ ഇൻസ്പക്ടർ ജീവൻ ജോർജും പങ്കെടുത്തു
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്