തൃശൂർ: ഇന്ത്യയിൽ ക്ഷയരോഗ സാധ്യത കുറഞ്ഞ സംസ്ഥാനം കേരളമാണെങ്കിലും ടി.ബി. മരണനിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതൽ. എട്ടു ശതമാനമാണ് കേരളത്തിലെ ടി.ബി. മരണനിരക്ക്. കേരളത്തിലെ ടി.ബി. രോഗികൾ പ്രായമേറിയവരും വിവിധ ജീവിതശൈലീ രോഗങ്ങളും പകർച്ചയിതര രോഗങ്ങളും ഉള്ളവരുമാണെന്നതാണ് മരണനിരക്ക് കൂടുവാനുള്ള കാരണം.

2022 ലെ കണക്കുകൾ പ്രകാരം ലോകത്താകെ ഒരു കോടി ജനങ്ങൾക്ക് ടി.ബി. ഉണ്ടെന്നു കണ്ടെത്തി. അതിൽ 28 ലക്ഷവും ഇന്ത്യയിലാണ്. 2022ൽ ആഗോളതലത്തിൽ 13 ലക്ഷം പേരാണ് ടി.ബി. മൂലം മരിച്ചത്. അതിൽ 3.4 ലക്ഷം ഇന്ത്യയിൽ നിന്നുള്ളവരാണ്. രാജ്യത്ത് കേരളമാണ് ടി.ബി. രോഗസാധ്യത കുറവുള്ള സംസ്ഥാനം. കേരളത്തിൽ ലക്ഷത്തിൽ 115 പേർക്കാണ് ടി.ബി. സാധ്യത കണക്കാക്കിയിരിക്കുന്നത്. ദേശീയതലത്തിൽ ഇത് ലക്ഷം പേരിൽ 316 ആണ്. കേരളത്തിലെ ടി.ബി. കേസുകളിൽ മൂന്നിൽ ഒരു ഭാഗം ശ്വാസകോശ ഇതര രോഗമാണ്. ഇത് വിവിധ അവയവങ്ങളിൽ കാണുന്നതിനാൽ രോഗം കണ്ടെത്താൻ വൈദഗ്ധ്യവും പലതരം ടെസ്റ്റുകളും വേണം. ഇവിടെ ടി.ബി. രോഗികളിൽ മൂന്നിലൊരു ഭാഗത്തിന് പ്രമേഹമുണ്ട്. ഇവരിലെ പ്രമേഹനിയന്ത്രണവും ടി.ബി. ചികിത്സയെ ബാധിക്കുന്നുണ്ടെന്നും ട്യുബോർകുലോസിസ് അസോസിയേഷൻ ഓഫ് ഇന്ത്യ ഭാരവാഹികൾ പറഞ്ഞു.

കേരളത്തിലെ ക്ഷയരോഗനിർമ്മാർജനം ഏറെ വെല്ലുവിളികൾ നേരിടുന്നതായി ടി.ബി. അസോസിയേഷൻ പറയുന്നു. കോവിഡ് 19 ടി.ബി. എലിനിനേഷൻ പരിപാടിയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇന്ത്യയിൽ 32 ശതമാനം പേരിലും ടി.ബി. അണുക്കളുണ്ട്. കേരളത്തിലിത് 20 ശതമാനമാണ്. ടി.ബി. നിർമ്മാർജനത്തിന് പ്രിവന്റീവ് തെറാപ്പി വേണം. കേരളത്തിലാണ് ഇതാദ്യം തുടങ്ങിയിട്ടുള്ളത്.

ആഗോളതലത്തിൽ തന്നെ 2015നെ അപേക്ഷിച്ച് മരണനിരക്ക് 95 ശതമാനമായി കുറയ്ക്കുക, രോഗം 90 ശതമാനമായി കുറയ്ക്കുക, ടി.ബി. മൂലമുള്ള ചികിത്സാചെച്ലവ് പൂജ്യമാക്കുക എന്നിവ വഴി 2035 ഓടെ ടി.ബി. നിർമ്മാർജനം ലക്ഷ്യമാക്കി പ്രവർത്തനങ്ങൽ നടന്നുവരികയാണ്. ഇന്ത്യയിൽ 2030 ഓടെ ഈ ലക്ഷ്യം കൈവരിക്കാനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. കേരളം 2025 ഓടെ ടിബി. മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ടി.ബി. എലിമിനേഷൻ മിഷനുമായി 2017 മുതൽ പ്രവർത്തനം ആരംഭിച്ചു. ഏറെ മുന്നോട്ടുപോയതായും ടി.ബി. അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഇതിനെ മാതൃകയാക്കിയാണ് ടി.ബി. നിയന്ത്രണപരിപാടിയെ 2020ൽ കേന്ദ്രം നാഷണൽ ടി.ബി. എലിനിനേഷൻ പ്രോഗ്രാം എന്നാക്കിയത്.