തൊടുപുഴ: കാണാതായ കൗമാരക്കാരായ കമിതാക്കളെ പൊലീസ് തമിഴ്‌നാട്ടിൽ നിന്നും കണ്ടെത്തി. കാഞ്ഞാർ എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് 15 കാരനായ കാമുകനെയും 14 കാരിയായ കാമുകിയെയും പോണ്ടിച്ചേരിയിൽ നിന്നും കണ്ടെത്തിയത്. മകളെ കാണാനില്ലന്ന് കാണിച്ച് പെൺകുട്ടിയുടെ വീട്ടുകാർ കാഞ്ഞാർപൊലീസിൽ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. അന്വേഷണത്തിൽ കാമുകനായ 15 കാരനൊപ്പമാണ് പെൺകുട്ടി പോയിട്ടുള്ളതെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു.

ഇത് മൂന്നാം തവണയാണ് പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടുന്നത്. മൂവാറ്റുപുഴയിൽ വർക്ക് ഷോപ്പിൽ സഹായിയാണ് 15 കാരൻ.മൂന്നുമാസം മുമ്പ് വീട്ടിൽ നിന്ന് പെൺകുട്ടിയെ കാണാതായിരുന്നു. അന്ന് അടിമാലിക്കടുത്ത് ആനച്ചാലിൽ നിന്നും പൊലീസ് സംഘം ഇവരെ കണ്ടെത്തുകയായിരുന്നു. ഇതിന് മുമ്പ് മൂവാറ്റുപുഴയ്ക്കടുത്ത് ആയവനയിൽ താമസിക്കുമ്പോഴും പെൺകുട്ടി കാമുകനൊപ്പം നാടുവിട്ടിരുന്നു. താമസിയാതെ പൊലീസ് ഇരുവരെയും കണ്ടെത്തി വീട്ടുകാരെ വിളിച്ചുവരുത്തി പറഞ്ഞുവിട്ടിരുന്നു.

ഒളിച്ചോട്ടം പതിവായതോടെ ഇരുവരുടെയും വീട്ടുകാർ തമ്മിൽ ആലോചിച്ച് പ്രായപൂർത്തിയാവുമ്പോൾ വിവാഹം നടത്താം എന്ന് ധാരണയായിരുന്നു. ഇത് കമിതാക്കൾക്ക് സ്വകാര്യമായിരുന്നില്ല. തങ്ങൾക്ക് ഒന്നിച്ച് ജീവിക്കണം എന്ന നിലപാടിൽ ഇവർ ഉറച്ചുനിൽക്കുന്നതായിട്ടാണ് സൂചന. ഇരുവരെയും കൊണ്ട് പൊലീസ് സംഘം രാത്രി പോണ്ടിച്ചേരിയിൽ നിന്നും കാഞ്ഞാറിന് തിരച്ചിട്ടുണ്ട്. ഇവിടെ എത്തിയ ശേഷം മിസിംങ് കേസിൽ തുടർനടപടികൾ ഉണ്ടാവുമെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.