കണ്ണൂർ: തലശ്ശേരി ചേറ്റം കുന്ന് സ്വദേശിയായ കുട്ടിയുടെ കൈ മുറിച്ചു മാറ്റിയതായി പരാതി. തലശ്ശേരി ജനറൽ ആശുപത്രിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഫുട്‌ബോൾ കളിക്കുന്നതിനിടെ കുട്ടി വീണ് കൈയുടെ എല്ലുകൾ പൊട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആശുപത്രിയുടെ അനാസ്ഥ കാരണം കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നു എന്നാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്.

17കാരനായ കുട്ടിയുടെ കൈയാണ് മുറിച്ചു മാറ്റേണ്ടി വന്നിരിക്കുന്നത്. ചികിത്സ വൈകിയതാണ് കൈ മുറിച്ചു മാറ്റാൻ കാരണമായത് എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കഴിഞ്ഞമാസം 30നാണ് കളിക്കുന്നതിനിടെ കുട്ടി വീണ് പരിക്കേറ്റത്. എടുത്തപ്പോൾ കൈത്തടിയിൽ രണ്ട് എല്ലുകൾ പൊട്ടിയതായി കണ്ടു. രക്തയോട്ടം നിലച്ചതിനാൽ ആണ് കൈ മുറിച്ചു മാറ്റേണ്ടി വന്നത്.

എന്നാൽ ആശുപത്രി അധികൃതർ പറയുന്നത് അപ്രതീക്ഷിതമായി കുട്ടിയുടെ കയ്യിലെ രക്തയോട്ടം നിലച്ചതും കുട്ടിക്ക് കമ്പാർട്ട്‌മെന്റ് സിൻഡ്രം എന്ന രോഗം വന്നതിനാൽ ആണ് കൈ മുറിച്ചു മാറ്റേണ്ട അവസ്ഥ വന്നത് എന്നും ആശുപത്രി അധികൃതർ പറയുന്നു. ഇതിൽ തങ്ങളുടെ ഭാഗത്തുനിന്ന് ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ല എന്നും ആശുപത്രി അധികൃതർ പറയുന്നു. രക്തയോട്ടം നിലച്ചത് ശ്രദ്ധയിൽപ്പെട്ടത് കുട്ടി അഡ്‌മിറ്റ് ആയി പത്താം ദിവസമാണ് ഉടൻതന്നെ കോഴിക്കോട്ടേക്ക് റഫർ ചെയ്യുകയും ചെയ്തു.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് കുട്ടിയുടെ കൈ മുറിച്ചു മാറ്റിയത്. തലശ്ശേരി ജനറൽ ആശുപത്രിയിൽ കുട്ടിയുടെ കൈയുടെ അവസ്ഥ വഷളാകുവാൻ കാരണമായി എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, ജില്ലാ കലക്ടർ, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങി എട്ടോളം അധികാരികൾക്ക് കുട്ടിയുടെ ബന്ധുക്കൾ ഇപ്പോൾ പരാതി നൽകിയിട്ടുണ്ട്.