മലപ്പുറം: വിൽക്കുന്നത് വ്യാജ ഐസ്‌ക്രീം. നിർമ്മാണം ഇതര സംസ്ഥാന തൊഴിലാളികൾ. മലപ്പുറം താനൂരിലെ ഐസ്‌ക്രീം നിർമ്മാണ കേന്ദ്രം ആരോഗ്യവകുപ്പ് ആപൂട്ടിച്ചു. ആരോഗ്യവകുപ്പും താനൂർ നഗരസഭ ആരോഗ്യവിഭാഗവും ചേർന്നു നടത്തിയ പരിശോധനയിലാണ് വ്യാജ ഐസ്‌ക്രീം നിർമ്മാണ കേന്ദ്രം പൂട്ടിച്ചത്. താനൂർ നഗരസഭ തെയ്യാല റെയിൽവേ ഗേറ്റ് ഡിവിഷനിലാണ് വ്യാജ ഐസ്‌ക്രീം കേന്ദ്രം കണ്ടെത്തിയത്.

ഇതര സംസ്ഥാനക്കാർ താമിക്കുന്ന ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ചായിരുന്നു കേന്ദ്രത്തിന്റെ പ്രവർത്തനം. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു ഇവിടെ ഐസ്‌ക്രീം നിർമ്മാണം. ഫോണിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. താനൂർ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ മെഡിക്കൽ ഓഫീസർ ഡോ. പി.പി ഹാഷിമിന്റെ നിർദ്ദേശപ്രകാരം സി.എച്ച്.സി പൊതുജനാരോഗ്യ വിഭാഗവും താനൂർ മുൻസിപ്പാലിറ്റി പൊതുജനാരോഗ്യ വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്.

ലൈസൻസ്, ഹെൽത്ത് കാർഡ് തുടങ്ങിയ രേഖകൾ ഒന്നും ഇല്ലാതെയായിരുന്നു ഐസ്‌ക്രീം നിർമ്മാണം. വിൽപ്പനക്കായി തയ്യാറാക്കിയിരുന്ന ഐസ് ക്രീം പിടിച്ചെടുത്ത് നശിപ്പിച്ചു. സി.എച്ച്.സിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എ.എസ് അരുൺ, താനൂർ നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സി. ഹംസ, പി.വി. മനോജ്, കെ. വിജയകുമാർ, ഡ്രൈവർ റാസിഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധനകൾ തുടരുമെന്ന് മെഡിക്കൽ ഓഫീസർ പി.പി ഹാഷിം അറിയിച്ചു. അറിയിച്ചു.