- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ രാഷ്ട്രീയത്തിൽ എത്തിയത് തൊഴിൽ എന്ന നിലയ്ക്കല്ലെന്ന് തരൂർ
ന്യൂഡൽഹി: കോൺഗ്രസ് ആണ് ശരിയായ ബദൽ എന്ന് പത്തു വർഷത്തെ ബിജെപി ഭരണത്തിലൂടെ ജനങ്ങൾക്കു ബോധ്യമായിട്ടുണ്ടെന്ന് പാർട്ടി നേതാവ് ശശി തരൂർ. താൻ ബിജെപിയിലേക്കു പോവില്ലെന്നും കോൺഗ്രസിൽ ഉറച്ചു നിൽക്കുമെന്നും, ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ ഡൽഹി ഡയലോഗ്സിൽ തരൂർ പറഞ്ഞു.
കമൽ നാഥ് ബിജെപിയിലേക്കു പോവുമെന്ന വാർത്തകളിൽ പാർട്ടി ഇതിനകം തന്നെ പ്രതികരണം അറിയിച്ചിട്ടുണ്ടെന്ന് തരൂർ ചൂണ്ടിക്കാട്ടി. അസംബന്ധ വാർത്തയാണ് ഇതെന്ന് കമൽനാഥുമായി അടുപ്പമുള്ളവർ വ്യക്തമാക്കിയിട്ടുണ്ട്. മനീഷ് തിവാരിയുമായി ബന്ധപ്പെട്ട വാർത്ത അദ്ദേഹത്തിന്റെ ഓഫിസും നിഷേധിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഊഹാപോഹ വാർത്തകൾ പ്രചരിപ്പിക്കുകയെന്നത് ഒരു തന്ത്രമാണ്. അതിൽ വീഴാൻ താനില്ലെന്ന് തരൂർ പറഞ്ഞു. അതേസമയം മഹാരാഷ്ട്രാ നേതാക്കളായ അശോക് ചവാൻ, മിലിന്ദ് ദേവ്റ, ബാബാ സിദ്ദിഖി എന്നിവർ ബിജെപിയിൽ ചേർന്നതിനെക്കുറിച്ച് പ്രതികരിക്കാൻ തരൂർ വിസമ്മതിച്ചു.
താൻ രാഷ്ട്രീയത്തിൽ എത്തിയത് തൊഴിൽ എന്ന നിലയ്ക്കല്ലെന്ന്, ബിജെപിയിൽ ചേരുമോയെന്ന ചോദ്യത്തോടു പ്രതികരിച്ചുകൊണ്ട് തരൂർ പറഞ്ഞു. ചില തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ പ്രവർത്തിക്കുന്നത്. അതിനെ മുന്നോട്ടുകൊണ്ടുപോവുന്നതിനുള്ള മാർഗമാണ് രാഷ്ട്രീയം. "ഞാൻ ബിജെപിയിൽ ചേരുമെന്ന് 2014 മുതൽ തന്നെ ചിലർ പറഞ്ഞുനടക്കുന്നുണ്ട്. ഞാൻ എന്തുകൊണ്ടു രാഷ്ട്രീയത്തിൽ വന്നെന്ന അടിസ്ഥാന കാര്യം കണക്കിലെടുക്കാതെയാണ് അവർ അതു പറയുന്നത്. സമൂഹത്തെ കുറെക്കൂടി മെച്ചപ്പെട്ടതാക്കാനുള്ള മികച്ച വഴി രാഷ്ട്രീയം തന്നെയാണ്"- തരൂർ വിശദീകരിച്ച്.
യുഎന്നിലെ കാലാവധി കഴിഞ്ഞപ്പോൾ ബിജെപിയും ഇടതുപക്ഷവും ഉൾപ്പെടെയുള്ള പാർട്ടികൾ തന്നെ സമീപിച്ചിരുന്നു. കോൺഗ്രസിന്റെ ആശയങ്ങളിൽ വിശ്വസിക്കുന്നതുകൊണ്ടാണ് പാർട്ടിയിൽ ചേർന്നതെന്ന് തരൂർ വ്യക്തമാക്കി.