തൊടുപുഴ:ആദ്യമായിട്ടാണ് മോഷണത്തിന് ഇറങ്ങുന്നതെന്നും 45000 രൂപയുടെ കടബാദ്ധ്യത തീർക്കുന്നതിനാണ് കടുംകൈയ്ക്ക് മുതിർന്നതെന്നുംഅടിമാലി തോക്കുപാറ ഇല്ലിക്കൽ അജിത്ത് പൊലീസിനോട് പറഞ്ഞു. വഴിയാത്രക്കാരിയുടെ കഴുത്തിൽക്കിടന്ന മാല വലിച്ചുപൊട്ടിച്ച് രക്ഷപെടാൻ ശ്രമിക്കവെ നാട്ടുകാർ പിടിച്ചു പൊലീസിൽ ഏൽപ്പിക്കുക ആയിരുന്നു ഇയാളെ.

മൂന്നാറിലെ ഒരു സ്‌കൂളിലെ താൽക്കാലിക ജീവനക്കാരനാണ്.ഒരു കണ്ണിന് കാഴ്ച ഭാഗീകമാണ്.സ്‌കൂട്ടർ ഓടിക്കാനും അറിയില്ല.മറയൂരിലെ അധ്യപികയിൽ നിന്നും മാല വാങ്ങി പണയപ്പെടുത്തിയിരുന്നു ഇത് എടുത്തുനൽകാമോ എന്ന് ടീച്ചർ ചോദിച്ചു.ഇതിന് 45000 രൂപയോളം ആവശ്യമായിരുന്നു. മറ്റ് വഴികൾ മനസിൽ തെളിഞ്ഞില്ല.പെട്ടന്നുള്ള തോന്നലിൽ ്. ചെയ്തതാണ്. 29 കാരനായ ഇയാൾ ഇന്നലെ ചോദ്യം ചെയ്യലിൽ പൊലീസിനോട് വെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങനെയാണ്.

തോക്കുപാറ സ്‌കൂളിനടുത്ത് വാടക വീട്ടിലാണ് അജിത്തും രണ്ട് സഹോദരന്മാരും താമസിക്കുന്നത്.പിതാവ് രോഗബാധയെത്തുടർന്ന് നേരത്തെ മരിച്ചിരുന്നു.പഠനത്തിൽ മൂവരും അതി സമർത്ഥരായിരുന്നെന്നാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം.അജിത്ത് അടുത്തിടെ പിഎസ്‌സി ലിസ്റ്റിലും ഇടംപിടിച്ചിരുന്നു.ഇവർ മൂന്നുപേരെ ക്കുറിച്ചും നല്ല അഭിപ്രായമാണുള്ളത്.അജിത്ത് മാലപറകേസിൽ കുടുങ്ങിയതായുള്ള വാർത്ത നാട്ടുകാർക്ക് ഉൾക്കൊള്ളാനായില്ല എന്നതാണ് വാസ്തവം.

വീട്ടമ്മയുടെ അഞ്ചു പവന്റെ മാല വലിച്ചുപൊട്ടിച്ച സംഭവത്തിൽ നാട്ടുകാരാണ് അജിത്തിനെ പിടികൂടി പൊലീസിന് കൈമാറിയത്.തൊടുപുഴ - പാലാ റൂട്ടിൽ അറയ്ക്കപ്പാറയിലേക്കുള്ള ഇടവഴിയിൽ ഇന്നലെ രാവിലെ 11.45നാണ് സംഭവം. വഴിചോദിച്ചെത്തിയ അജിത്ത് ചാലിക്കുന്നേൽ ചിന്നമ്മ ജോസിന്റെ മാലയാണ് പൊട്ടിച്ചെടുത്തത്.സമീപത്തുള്ള ധ്യാനകേന്ദ്രത്തിലേക്കു വഴി ചോദിച്ചെത്തിയ പ്രതി ചിന്നമ്മയെ തള്ളിയിട്ട ശേഷം മാല പൊട്ടിച്ചെടുത്ത് ഓടുകയായിരുന്നു. ഇവർ ബഹളം വെച്ചതോടെ നാട്ടുകാർ പിന്നാലെയോടി ഇയാളെ പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്യലിൽ ഈ സംഭവത്തിനു തൊട്ടുമുൻപ് ഇതേ റോഡിന്റെ മറുഭാഗത്തു വച്ച് കല്യാണി (87) എന്ന സ്ത്രീയുടെ മാലയും പൊട്ടിച്ചതായി ഇയാൾ സമ്മതിച്ചു. അതു മുക്കുപണ്ടമാണെന്ന് കല്യാണി വിളിച്ചു പറഞ്ഞതിനാൽ അജിത്ത് മറുവശത്തെത്തി ചിന്നമ്മയുടെ മാല കൂടി പൊട്ടിക്കുകയായിരുന്നു. രണ്ട് മാലകളും അജിത്തിന്റെ കൈവശം ഉണ്ടായിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.