അടിമാലി: തൊടുപുഴ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന 'കാട്സ് 'സംഭരകേന്ദ്രത്തിൽ വൻ കവർച്ച. സൊസൈറ്റിയുടെ മാങ്കുളത്തെ ഗോഡൗണിൽ ശനിയാഴ്ച രാത്രി കവർച്ച നടന്നതായിട്ടാണ് മൂന്നാർ പൊലീസിൽ പരാതി ലഭിച്ചിട്ടുള്ളത്.

700 കിലോയോളം കുരുമുളക് നഷ്ടമായിട്ടുണ്ടെന്നാണ് സൊസൈറ്റി ഭാരവാഹികൾ പൊലീസിന് നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.86 ചാക്ക് കുരുമുളക് ഇവിടെ സൂക്ഷിച്ചിരുന്നതായിട്ടാണ് പ്രാഥമീകമായി സ്ഥാപനത്തിന്റെ നടത്തിപ്പുകാർ പൊലീസിനെ ധരിപ്പിച്ചിട്ടുള്ളത്. ഷട്ടറിന്റെ താഴ് അറത്തുമാറ്റിയ നിലയിലാണ്.ഗോഡൗണിന്റെ കാവലിനായി ഏൽപ്പിച്ചിരുന്ന ആൾ ലീവിലായിരുന്ന ദിവസമാണ് കവർച്ച നടന്നിട്ടുള്ളത്.വിവിധ ശാഖകൾ വഴി കർഷകരിൽ നിന്നും സംഭരിച്ച കുരുമുളക് മൊത്തമായി മാങ്കുളത്തെ ഷട്ടർ മുറിയിലാണ് സൂക്ഷിച്ചിരുന്നത്.സംഭവം നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്്.

ഇത്രയും കുരുമുളക് ചുമവന്നുകൊണ്ട് പോയിരിക്കാൻ ഇടയില്ലെന്നാണ് പൊലീസിന്റെ അനുമനം.ജീപ്പോ ഇതെ സൗകര്യമുള്ള മറ്റ് വാഹനത്തിലോ ആവാം കുരുമുളക് കടത്തിയതെന്നാണ് സംശയിക്കുന്നത്.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സിഐ മനേഷ് പൗലോസ് അറയിച്ചു.