കണ്ണൂർ :കണ്ണൂർ നഗരത്തിൽ സ്വർണാഭരണങ്ങളുമായി ബൈക്ക് മോഷ്ടാക്കൾ അറസ്റ്റിൽ. കണ്ണൂർ നഗരത്തിലെ തളാപ്പിലെ കൽപ്പക റസിഡൻസിയിൽ നിന്നുമാണ് പ്രതികൾ പിടിയിലായത്. വെള്ളിയാഴ്‌ച്ച രാത്രി പതിനൊന്നരയോടെയാണ് പ്രതികൾ അറസ്റ്റിലായത്. കണ്ണൂർ നഗരത്തിൽ നിന്നും രണ്ടു ബൈക്കുകൾ മോഷ്ടിച്ച കേസിലെ പ്രതികളാണ് പിടിയിലായത്. കക്കാട് കുഞ്ഞിപ്പള്ളി കെ.വി ഹൗസിലെ കെ.എ നിയാസുദ്ദീൻ (41) ചാല ജെ.സി നിവാസിലെ കെ.അജേഷ് (30) എന്നിവരെയാണ് കണ്ണൂർ എ.സി.പിയുടെ നേതൃത്വത്തിൽ കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റു ചെയ്തത്.

വെള്ളിയാഴ്‌ച്ച രാത്രി പതിനൊന്നര മണിയോടെയാണ് പ്രതികൾ താമസിച്ച ഹോട്ടലിലെ മുറിയിൽ നിന്നും സ്വർണവള, നെക്ലസ് റോൾഡ് ഗോൾഡ് സ്വർണാഭരണങ്ങൾ 21340 രൂപയും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. കണ്ണൂർ നഗരത്തിൽ നിന്നും പ്രതികൾ മോഷ്ടിച്ച ബൈക്കും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. ഈ മാസം കീഴുത്തള്ളിയിലെ വർക്ക്‌ഷോപിൽ റിപ്പയറിങിന് കൊണ്ടു പോയി വെച്ച മീൻകുന്നിലെ ആദർശിന്റെ ബൈക്ക് മോഷണം പോയിരുന്നു.

ഒന്നര ലക്ഷം രൂപ വിലവരുന്ന ടി.വി എസ് അപ്പാച്ചി ബൈക്കാണ് മോഷണം പോയത്. മെയ് 15 ന് രാവിലെ വർക്ക് ഷോപ്പ് ഉടമസ്ഥൻ സ്ഥാപനത്തിലെത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയതായി വ്യക്തമായത്. വർക്ക് ഷോപ്പ് ഉടമ ബിജിലിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തിരുന്നു. മറ്റൊരു സംഭവത്തിൽ ഈ മാസം 22 ന് പുലർച്ചെ കീഴു ത്തള്ളിയിലെ ഷീബ അപാർട്ട്‌മെന്റിലെ കോട്ടയം സ്വദേശി റോഹൻ രാജിന്റെ എൻഫീൽഡ് ബുള്ളറ്റും മോഷണം പോയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം മോഷണം പോയ എളയാവൂർ കീഴു തള്ളിയിലെ ഷീൻ ബിൽഡിങ് അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന കോട്ടയം കുമാരനെല്ലൂർ സ്വദേശി റോഹിൻ രാജിന്റെ ബുള്ളറ്റും പൊലിസ് പിടിയിലായ മോഷ്ടാക്കളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

അറസ്റ്റിലായ പ്രതികളെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാപ്പ കേസ് പ്രതിയായ നിയാസുദ്ദീൻ കഴിഞ്ഞ മാസമാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. അജേഷും നിരവധി മോഷണ കേസിൽ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. സിഐ കൈലാസ് നാഥ് എസ്. ഐമാരായ ഷമീൽ സവ്യസാചി അജയൻ, മധുസൂദൻ എഎസ്ഐ രഞ്ചിത്ത്, സുജിത്ത് നാസർ, അനൂപ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.