മലപ്പുറം: മലപ്പുറം ചങ്ങരംകുളം പെരുമുക്കിൽ നിന്നും അടക്ക മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിലായി. സുൽത്താൻബത്തേരി നായകമാർ കുന്നത്ത് ബഷീർ, മലപ്പുറം വട്ടല്ലൂർ പുളിയങ്കോട് അബ്ദുൾ ലത്തീഫ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച പെരുമുക്കിലെ അടക്ക വ്യാപാര സ്ഥാപനത്തിൽ നിന്നും 17 ചാക്ക് അടക്കം മോഷണം പോയിരുന്നു. മോഷണ വിവരം അടക്കാ വ്യാപാരികളുടെ ഗ്രൂപ്പിലൂടെ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് അറിയിച്ചു.

ഇതിനിടെ വ്യാപാരികൾ പൊലീസിൽ പരാതി നൽകിയിരുന്നു.മോഷ്ടാക്കളുടെ വാഹനത്തെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് അതുമായി അന്വേഷണം നടത്തുന്ന തനിടെയാണ് പ്രതികൾ വലയിലായത്. മലപ്പുറം മുണ്ടുപറമ്പിൽ വിൽപ്പനയ്ക്ക് എത്തിയപ്പോൾ സംശയം തോന്നിയ കച്ചവടക്കാരൻ പണത്തിനായി പിന്നീട് വരാൻ ആവശ്യപ്പെടുകയും പൊലീസിനെ വിവരം നൽകുകയുമായിരുന്നു.

ഉടൻ പൊലീസെത്തി ഇവരെ പിടികൂടുകയും തൊണ്ടിമുതൽ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. തുടർന്ന് അടക്ക മോഷണംനടന്ന പെരുമുക്കിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു.സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടന്നാണ് സൂചന. പ്രതികളെ പോന്നാനി കോടതിയിൽ ഹാജരാക്കി.