അടൂർ: വെള്ളക്കുളങ്ങര വെള്ളാരംകുന്ന് ദേവീക്ഷേത്രത്തിൽ ശ്രീകോവിൽ കുത്തിതുറന്ന് മോഷണം. തിങ്കളാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. നാലമ്പലത്തിന് മുകളിൽ പ്ലാസ്റ്റിക് കയറിട്ടും സമീപത്തെ വീട്ടിലെ ഗോവണി എടുത്തുകൊണ്ടു വന്നും കയറാൻ ശ്രമിച്ചെങ്കിലും അകത്ത് കടക്കാൻ കഴിഞ്ഞില്ല.

തുടർന്ന് ചുറ്റമ്പലത്തിന്റെ ഒരു വശത്തെ കതകിന്റെ പൂട്ടു പൊളിച്ച് അകത്തു കയറിയ മോഷ്ടാക്കൾ ശ്രീകോവിലിന്റെ മുൻവശത്തെ ഗ്രില്ലും കതകിന്റെ പൂട്ടും പൊളിച്ചു. ശ്രീകോവിലിനുള്ളിലെ മൂന്ന് കാണിക്ക വഞ്ചികൾ പുറത്തെടുത്ത് പൊട്ടിച്ച് പണം അപഹരിച്ചു. ചെറിയ തുകയുടെ നാണയങ്ങൾ ഉപേക്ഷിച്ച ശേഷം നോട്ടും വലിയ തുകയുടെ നാണയവുമായി കടന്നു കളയുകയായിരുന്നു. രാവിലെ ക്ഷേത്രത്തിലെ ത്തിയ ജീവനക്കാരാണ് നാലമ്പലത്തിന്റെ ഒരു വശത്തെ കതക് തുറന്ന് കിടക്കുന്നത് കണ്ടത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രമാണിത്. ഏകദേശം 8000രൂപയുടെ നഷ്ടം ഉണ്ടായി.

ദേവസ്വം അസി.കമ്മിഷണർ കെ. സൈനുരാജ്, സബ് ഗ്രൂപ്പ് ഓഫീസർ കെ.ഗോപകുമാർ, ഏറത്ത്പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീജ എ ന്നിവർ സ്ഥലത്ത് എത്തിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വെള്ളാരംകുന്ന് ദേവീക്ഷേത്രത്തിന് സമീപത്തുള്ള ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ സമാനമായ രീതിയിൽ ഫെബ്രുവരി ഒമ്പതിനും മാർച്ച് 21നും രണ്ട് തവണ മോഷണം നടന്നിരുന്നു. മോഷ്ടാക്കളെ പിടികൂടാൻ ഇതുവരെ പൊലീസിന് കഴിഞ്ഞില്ല.