കണ്ണൂർ: പഠിക്കുന്നതിനിടെ പണമുണ്ടാക്കാനായി മയക്കുമരുന്ന് വിൽപനയ്ക്കിറങ്ങിയ വിദ്യാർത്ഥികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കണ്ണൂർ നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ നിന്നും മയക്ക് മരുന്നുമായി അറസ്റ്റിലായ വിദ്യാർത്ഥികളടക്കം മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ആൻഡി നാർക്കോട്ടിക് ആക്ടുപ്രകാരമാണ് മയക്കുമരുന്ന് വിൽപ്പനക്കാരായ മൂന്നുപേരെഅറസ്റ്റു ചെയ്തത്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ മൂന്ന് പേരെയും റിമാൻഡ് ചെയ്തു. കേസിന്റെ തുടർ നടപടികൾ വടകര നാർക്കോട്ടിക്ക് കോടതിയിൽ നടക്കും. വളപട്ടണം പള്ളിക്കുന്നുമ്പ്രം സ്വദേശി മുഹമ്മദ് സിനാൻ(20), വളപട്ടണം മന്ന സ്വദേശി മുഹമ്മദ് ഷെസീൻ(21), അഴീക്കോട് സ്വദേശി പി.പി ഫർസീൻ(20) എന്നിവരെയാണ് ഫോർട്ട് റോഡിലെ യോയോ സ്റ്റേയിൽ നിന്നും കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റ് ചെയ്തത്.

ഇവരുടെ കൈയിൽ നിന്നും 5.60 ഗ്രാം എം.ഡി.എം.എയും 3.72 ഗ്രാം കഞ്ചാവും പൊലിസ് പിടിച്ചെടുത്തു. വ്യാഴാഴ്ച വൈകുന്നേരം പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ലോഡ്ജിൽ പരിശോധിക്കുകയായിരുന്നു. ഹോട്ടൽ റൂമിലെ കട്ടിലിൽ നിന്ന് ലഹരി ഉപയോഗത്തിനുള്ള രണ്ട് ഗ്ലാസ് ഫണൽ, ചെറുകവറുകൾ, 1000 രൂപ, മൂന്ന് മൊബൈൽ ഫോൺ ഉൾപ്പെടെ പൊലിസ് പിടിച്ചെടുത്തു.

പ്രതികളിൽ രണ്ടു പേർ വിദ്യാർത്ഥികളാണ്. ജില്ലയിൽ വിൽപനയ്ക്കായി കൊണ്ടുവന്നതാണ് എം.ഡി.എം.എയും കഞ്ചാവുമെന്ന് പൊലിസ് പറഞ്ഞു. കണ്ണൂരിൽ തന്നെയുള്ള മറ്റൊരു സംഘമാണ് പ്രതികൾക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നതെന്നാണ് വിവരം. പ്രതികളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ഇതിൽ കൂടുതൽ വ്യക്തത വരുകയുള്ളു. കണ്ണൂർ ടൗൺ എസ്‌ഐമാരായ സവ്യസച്ചി, കെ.രാജേഷ്, സി.പി.ഒമാരായ രാജേഷ്, വിനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.