തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ ജനവിധിയുമായി ബന്ധപ്പെട്ട് ക്രൈസ്തവ സമുദായത്തിനെതിരേ പല കോണുകളിൽ നിന്നും ഉയർന്ന ആരോപണങ്ങൾക്കെതിരേ തൃശൂർ അതിരൂപത. അനർഹമായ സാമ്പത്തിക നേട്ടങ്ങൾക്ക് വേണ്ടി തൃശൂർ അതിരൂപത നേതൃത്വം ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പിന്തുണച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

തൃശൂർ അതിരൂപത തെരഞ്ഞെടുപ്പുകളിൽ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയെയോ മുന്നണിയെയോ പിന്തുണക്കുകയോ എതിർക്കുകയോ ചെയ്യാറില്ലെന്നും അവർ അറിയിച്ചു. എന്നാൽ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ സഹായിച്ചുവെന്നാണ് പ്രചരിപ്പിക്കുന്നത്. ഇത് അപലപനീയമാണ്. രാജ്യത്തെ ഭരണഘടനയെയും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളെയും വിലമതിക്കുന്നവരും ദൈവവിശ്വാസവും ന്യൂനപക്ഷ അവകാശങ്ങളും മാനിക്കുന്നവരുമായ രാഷ്ട്രീയ കക്ഷികളെയും നേതാക്കളെയും അംഗീകരിക്കണമെന്നത് അതിരൂപത എക്കാലവും സ്വീകരിച്ചുവന്നിട്ടുള്ള ശക്തമായ നിലപാടാണെന്ന് ഭാരവാഹികൾ പറഞ്ഞു.

ഇക്കാര്യങ്ങൾ ഫെബ്രുവരി 25ന് തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂരിൽ സംഘടിപ്പിച്ച ആയിരങ്ങൾ പങ്കെടുത്ത സമുദായ ജാഗ്രതാ സമ്മേളനത്തിൽ സംശയലേശമന്യേ അതിരൂപത നേതൃത്വം വ്യക്തമാക്കിയിരുന്നതാണ്. തൃശൂർ പാർലമെന്റ് മണ്ഡലത്തിന്റെ കാര്യത്തിൽ ഇത്തരം ആരോപണം ഉന്നയിക്കുന്നവർ ആലത്തൂർ പാർലമെന്റ് മണ്ഡലത്തിൽ ഉൾക്കൊള്ളുന്നതും തൃശൂർ അതിരൂപതയുടെ ഭാഗവുമായ മൂന്ന് അസംബ്ലി മണ്ഡലങ്ങളിൽ ഇതര രാഷ്ട്രീയ കക്ഷികൾക്ക് മേൽക്കൈ ഉണ്ടായത് മറക്കുകയാണെന്ന് അതിരൂപത പറയുന്നു. പൊതുസമൂഹത്തിനും സമുദായത്തിനും സ്വീകാര്യമായ നിലപാടുകൾ മാത്രമാണ് മുൻകാലങ്ങളിലെന്ന പോലെ ഈ തെരഞ്ഞെടുപ്പിലും അതിരൂപത നേതൃത്വം സ്വീകരിച്ചത്. മറിച്ചുള്ള ആരോപണങ്ങൾ തികച്ചും ദുരുപദിഷ്ടമാണെന്നും അതിരൂപത ഭാരവാഹികൾ പറഞ്ഞു.

തൃശൂർ അതിരൂപത പാസ്റ്റർ കൗൺസിലിന്റെയും കത്തോലിക്കാ കോൺഗ്രസിന്റെയും ആഭിമുഖ്യത്തിൽ സെന്റ് തോമസ് ദിനമായ ജൂലൈ മൂന്നിന് അവകാശ ദിനമായി ആചരിക്കും. അന്ന് രാവിലെ 10.30ന് കലക്ടറേറ്റ് റാലിയും ധർണയും ഇടവകകളിൽ അവകാശ ദിനാചരണവും ഒപ്പുശേഖരണവും നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ജോഷി വടക്കൻ, അഡ്വ. ബിജു കുണ്ടുകുളം, ഡോ. ജോബി തോമസ്, കെ.സി. ഡേവിസ്, ജോർജ് ചിറമ്മൽ എന്നിവർ പങ്കെടുത്തു.