സുൽത്താൻ ബത്തേരി: വാകേരി മൂടക്കൊല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം. പ്രദേശത്തെ പന്നി ഫാം ആക്രമിച്ച കടുവ ഏകദേശം അമ്പത് കിലോ തൂക്കമുള്ള 20 പന്നികളെ കൊന്നു. ഫാമിൽ നിന്നും ഏകദേശം അമ്പത് മീറ്റർ മാറി വനാതിർത്തിയിലെ കുറ്റിക്കാട്ടിൽ പന്നികളുടെ ജഡം കൂട്ടത്തോടെ കണ്ടെത്തി. കൂടാതെ രണ്ട് പന്നിക്കുഞ്ഞുങ്ങളെയും ഫാമിൽ ചത്തനിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നതെന്ന് ഫാം ഉടമ കരിക്കുളത്ത് ശ്രീനേഷ് പറഞ്ഞു.

ആറുവർഷം മുൻപും ഫാമിൽ കടുവയുടെ ആക്രമണം നടന്നിരുന്നു. കൂടാതെ ആനകളുടെ ആക്രമണവും നടക്കുന്നതാണ് ശ്രീനേഷ് ചൂണ്ടിക്കാട്ടി.സംഭവസ്ഥലത്തെത്തിയ വനംവകുപ്പ് ഫാമിന് സമീപത്തെ കാൽപ്പാടുകൾ പരിശോധിച്ച് ആക്രമണത്തിന് പിന്നിൽ കടുവ തന്നെയാണെന്ന് ഉറപ്പിച്ചു. കടുവയെ പിടികൂടാൻ പ്രദേശത്ത് കൂട് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പരിശോധനയ്ക്ക് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരോട് ജനങ്ങൾ രോഷം പ്രകടിപ്പിച്ചു. ഉടൻ കൂട് സ്ഥാപിക്കണമെന്നും പന്നി ഫാം ഉടമയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. കൂടല്ലൂരിൽ യുവകർഷകനായ പ്രജീഷിനെ കടുവ കൊലപ്പെടുത്തിയ പ്രദേശത്ത് നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് പുതിയ കടുവ എത്തിയിരിക്കുന്നത്.